'അധികാരമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്' ; സിന്ധു നദീജല കരാറിൽ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയുടെ വിധി പൂർണ്ണമായി തള്ളി ഇന്ത്യ


31, August, 2026
Updated on 31, August, 2026 0




സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട തർക്കത്തിൽ അന്താരാഷ്ട്ര മധ്യസ്ഥ കോടതി നടത്തുന്ന ഇടപെടലുകളെ ഇന്ത്യ പൂർണ്ണമായി തള്ളി. ഹേഗ് ആസ്ഥാനമായുള്ള കോർട്ട് ഓഫ് ആർബിട്രേഷന് ഈ വിഷയത്തിൽ വിധി പറയാനോ വിചാരണ നടത്താനോ യാതൊരുവിധ അധികാരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. 1960-ലെ സിന്ധു നദീജല കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് മധ്യസ്ഥ കോടതി രൂപീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ അത്തരം അനധികൃത സംവിധാനങ്ങൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കോ വിധികൾക്കോ ഇന്ത്യ യാതൊരു നിയമസാധുതയും കൽപ്പിക്കുന്നില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.കിഷൻഗംഗ, രത്‌ലെ ജലവൈദ്യുത പദ്ധതികളെച്ചൊല്ലി പാകിസ്ഥാൻ ഉന്നയിച്ച എതിർപ്പുകളാണ് നിലവിലെ തർക്കങ്ങൾക്ക് കാരണം. കരാറിലെ വ്യവസ്ഥകൾ പ്രകാരം സാങ്കേതിക തർക്കങ്ങൾ പരിഹരിക്കാൻ ഒരു 'ന്യൂട്രൽ എക്സ്പെർട്ടിനെ' നിയമിക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിലനിൽക്കെയാണ് പാകിസ്ഥാൻ മധ്യസ്ഥ കോടതിയെ സമീപിച്ചത്. ഒരേ വിഷയത്തിൽ ഒരേസമയം രണ്ടാന്തര തർക്കപരിഹാര സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് കരാറിന്റെ അടിസ്ഥാന ഘടനയ്ക്ക് തന്നെ എതിരാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇതിനാൽ തന്നെ ഈ മധ്യസ്ഥ കോടതിയുടെ വിചാരണ നടപടികളിൽ നിന്ന് ഇന്ത്യ തുടക്കം മുതലേ വിട്ടുനിൽക്കുകയായിരുന്നു.ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച സിന്ധു നദീജല കരാർ നടപ്പിലാക്കാൻ ഇന്ത്യ എന്നും പ്രതിജ്ഞാബദ്ധമാണ്. എന്നാൽ അതിലെ നിയമപരമായ തർക്കപരിഹാര മാർഗ്ഗങ്ങൾ മറികടന്നുള്ള ഏകപക്ഷീയമായ നീക്കങ്ങൾ അംഗീകരിക്കാനാവില്ല. കരാറിലെ വ്യവസ്ഥകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താനും ഭേദഗതികൾ ചർച്ച ചെയ്യാനും ഇന്ത്യ പാകിസ്ഥാനോട് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്പര ധാരണയോടും ഉഭയകക്ഷി ചർച്ചകളിലൂടെയും മാത്രമേ സിന്ധു നദീജല തർക്കങ്ങളിൽ ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കൂ എന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ ഇപ്പോഴും മുന്നോട്ടുപോകുന്നത്.












Feedback and suggestions