19, September, 2026
Updated on 19, September, 2026 2
രാജ്യത്തെ ആദ്യ സെമികണ്ടക്ടർ നിർമ്മാണ ശാലയായ ധൊലേര പ്ലാന്റിൽ നിന്ന് 2028-ൽ ആദ്യ വേഫർ പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഡൽഹിയിൽ നടക്കുന്ന സെമികോൺ ഇന്ത്യ 2026-ന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സെമികണ്ടക്ടർ വ്യവസായം ഇപ്പോൾ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്ന ഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത 12 എ.ടി.എം.പി./ഒ.എസ്.എ.ടി. പ്ലാന്റുകളിൽ ഇതിനോടകം തന്നെ വാണിജ്യ ഉൽപ്പാദനം ആരംഭിക്കുകയും കയറ്റുമതി തുടങ്ങുകയും ചെയ്തിട്ടുണ്ട്. കെയ്ൻസ്, സി.ജി. സെമി, സി.ഡി.ഐ.എൽ, സുചി, മൈക്രോൺ തുടങ്ങിയ കമ്പനികൾ വളരെ വേഗത്തിലാണ് തങ്ങളുടെ ഉൽപ്പാദനം വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. വ്യവസായ രംഗത്തെ സങ്കീർണ്ണതകൾ മുൻനിർത്തി 20 വർഷത്തെ റോഡ്മാപ്പാണ് സർക്കാർ ഈ പദ്ധതിക്കായി തയ്യാറാക്കിയിട്ടുള്ളത്.ചിപ്പ് ഡിസൈൻ, സാമഗ്രികളും യന്ത്രങ്ങളും, കൂടുതൽ ഫാബുകൾ, കൂടുതൽ എടിഎംപി യൂണിറ്റുകൾ, ഗവേഷണവും വികസനവും, പ്രതിഭകൾ എന്നീ ആറ് പ്രധാന തൂണുകളെ അടിസ്ഥാനമാക്കിയാണ് സെമികോൺ 2.0 വിഭാവനം ചെയ്തിരിക്കുന്നത്. ധൊലേരയിലെ ടാറ്റ ഇലക്ട്രോണിക്സ് ഫാബ് 2028-ൽ കമ്മീഷൻ ചെയ്യാൻ നിശ്ചയിച്ചിട്ടുള്ളതാണെന്നും, ഇതിന്റെ വലിയൊരു ഭാഗം ശേഷി ഇതിനോടകം തന്നെ ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.