800 കോടി ജനങ്ങൾക്കും ലാപ്ടോപ്പ് വാങ്ങാം; ലോകത്തെ കള്ളപ്പണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ്


31, August, 2026
Updated on 31, August, 2026 3



ലോകമെമ്പാടും കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഉൾപ്പെടുന്ന ആകെ തുകയുടെ ഒരു ശതമാനം മാത്രമാണ് അന്വേഷണ ഏജൻസികൾക്ക് തിരിച്ചുപിടിക്കാൻ സാധിക്കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വെളുപ്പിക്കുന്ന ഓരോ നൂറു രൂപയിലും ഒരു രൂപ മാത്രമാണ് പ്രായോഗികമായി വീണ്ടെടുക്കപ്പെടുന്നതെന്നും, സാമ്പത്തിക കുറ്റവാളികൾ ഉപയോഗിക്കുന്ന സങ്കീർണ്ണവും അതിനൂതനവുമായ രീതികളാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേംബ്രിഡ്ജിൽ നടന്ന സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള 43-ാമത് അന്താരാഷ്ട്ര സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ ഒരു വർഷം വെളുപ്പിക്കപ്പെടുന്ന കള്ളപ്പണത്തിന്റെ വ്യാപ്തി അപാരമാണെന്നും, ഈ തുക ഉപയോഗിച്ചാൽ ലോകത്തെ എണ്ണൂറ് കോടിയോളം വരുന്ന ജനങ്ങൾക്ക് ഓരോ ലാപ്ടോപ്പ് വീതം വാങ്ങി നൽകിയാലും ഖജനാവുകളിൽ വൻ തുക ബാക്കിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിൽ ആഗോളതലത്തിലുള്ള പരസ്പര സഹകരണത്തിന്റെ അഭാവവും വിദേശ രാജ്യങ്ങളിൽ അഭയം പ്രാപിച്ച പ്രതികളെ വിട്ടുകിട്ടുന്നതിലെ (നാടുകടത്തൽ) കടുത്ത കാലതാമസവുമാണ് പ്രധാന വെല്ലുവിളിയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ഇന്ത്യയിൽ ശക്തമായ നിയമങ്ങളും മറ്റു രാജ്യങ്ങളുമായി കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുകളും നിലവിലുണ്ടെങ്കിലും പണം തിരിച്ചുപിടിക്കുക എന്നത് ഇപ്പോഴും ശ്രമകരമായി തുടരുകയാണ്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി തുടങ്ങിയ പ്രമുഖ വ്യവസായികളെ യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ 2017-ലും 2018-ലും തുടങ്ങിയതാണെങ്കിലും ഒൻപത് വർഷത്തോളമായിട്ടും അവർ യുകെയിൽ തന്നെ തുടരുന്നത് ഈ സംവിധാനങ്ങളുടെ പരിമിതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


















Feedback and suggestions