അമേരിക്കയിൽ ഹിന്ദു-സിഖ് സമൂഹങ്ങൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർദ്ധനവ് ; മുസ്ലീങ്ങൾക്ക് എതിരായ ആക്രമങ്ങൾ കുറഞ്ഞു ; എഫ്ബിഐ റിപ്പോർട്ട് പുറത്ത്


19, August, 2026
Updated on 19, August, 2026 1



വാഷിംഗ്ടൺ : അമേരിക്കയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ (ഹേറ്റ് ക്രൈം) എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുമ്പോഴും സിഖ്, ഹിന്ദു സമുദായങ്ങൾക്കെതിരായ അതിക്രമങ്ങൾ ആശങ്കാജനകമായി ഉയരുന്നതായി പുതിയ കണക്കുകൾ. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ പ്രകാരം രാജ്യത്തെ ആകെ വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഏഴ് ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. എന്നാൽ വിദ്വേഷ പ്രചാരണങ്ങൾക്കും അതിക്രമങ്ങൾക്കും ഇരയാകുന്ന സിഖ് കുടിയേറ്റക്കാരുടെയും ഹിന്ദുക്കളുടെയും എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 11,404 ആയിരുന്ന ആകെ കേസുകൾ 10,606 ആയി കുറഞ്ഞപ്പോഴാണ് ഈ പ്രത്യാഘാതം.


ഏഷ്യൻ പൗരാവകാശ സംഘടനയായ 'ഏഷ്യൻ അമേരിക്കൻസ് അഡ്വാൻസിംഗ് ജസ്റ്റിസ്' (AAJC), സൗത്ത് ഏഷ്യൻ സംഘടനയായ 'സിഖ് കോയലിഷൻ' എന്നിവർ എഫ്.ബി.ഐ കണക്കുകൾ വിശകലനം ചെയ്തപ്പോഴാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ വ്യക്തമായത്. സിഖ് സമുദായക്കാർക്കെതിരെയുള്ള അതിക്രമങ്ങളിൽ 24.6 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. അതായത് മുമ്പ് രേഖപ്പെടുത്തിയ 142 കേസുകളിൽ നിന്ന് ഇത്തവണ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 177 ആയി ഉയർന്നു. ഹിന്ദുക്കൾക്കെതിരായ വിദ്വേഷ അതിക്രമ കേസുകളിൽ 12 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് (25-ൽ നിന്ന് 28 ആയി ഉയർന്നു). അതേസമയം, മുസ്ലീം സമുദായത്തിനെതിരായ അതിക്രമങ്ങളിൽ 10 ശതമാനം കുറവുണ്ടായിട്ടുണ്ട്.


അടിയന്തരമായി പ്രാദേശിക പോലീസിന്റെയും ഫെഡറൽ സർക്കാരിന്റെയും ഇടപെടൽ ആവശ്യപ്പെട്ട് വിവിധ പൗരാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഭൂരിഭാഗം വിദ്വേഷ അതിക്രമങ്ങളും പോലീസിൽ പരാതിപ്പെടാതെ നിശബ്ദമാക്കപ്പെടുകയാണെന്നും എഫ്.ബി.ഐ പുറത്തുവിടുന്ന കണക്കുകളേക്കാൾ വളരെ ഉയർന്നതാണ് യഥാർത്ഥത്തിൽ സമുദായങ്ങൾ നേരിടുന്ന വെല്ലുവിളിയെന്നും സിഖ് കോയലിഷൻ ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയ രംഗത്തെ കുടിയേറ്റ വിരുദ്ധ പ്രസംഗങ്ങളും വംശീയമായ വിദ്വേഷ പ്രചാരണങ്ങളുമാണ് ഈ വംശീയ അതിക്രമങ്ങൾക്ക് പ്രധാന കാരണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.




Feedback and suggestions