തിരുവനന്തപുരം: ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരായ കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള 'ആശ്വാസ കിരണം' പദ്ധതിക്ക് 50 കോടി അനുവദിച്ചതായി സാമൂഹ്യനീതി മന്ത്രി വി. ഇ അബ്ദുൽ ഗഫൂർ അറിയിച്ചു.
പദ്ധതിയുടെ പ്രതിമാസ ധനസഹായം 600ല്‍ നിന്നും 1000 രൂപയായി വര്‍ധിപ്പിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയുന്നു. 50 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഇതിൻ്റെ ആദ്യ ഗഡു ആയാണ് 10 കോടി അനുവദിച്ച് ഇന്നലെ ഉത്തറവിറക്കിയത്. സമൂഹത്തിൽ ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നവർ എന്ന നിലയിൽ ഓണത്തിന് സർക്കാരിൻ്റെ സ്നേഹ കൈനീട്ടമാണിതെന്നും മന്ത്രി പറഞ്ഞു.
നൂറു ശതമാനം അംഗപരിമിതര്‍, കിടപ്പിലായ രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചവര്‍, വാര്‍ധക്യം മൂലം ദൈദംദിനം കാര്യങ്ങള്‍ക്ക് പരസഹായം ആവശ്യമായവര്‍ എന്നിവരെ പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതിയാണ് ആശ്വാസ കിരണം. 2011ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നിലവില്‍ 600 രൂപയാണ്. ഇതാണ് യു.ഡി.എഫ് സര്‍ക്കാര്‍ 1000 രൂപയായി വര്‍ധിപ്പിച്ചത്. ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് നിലവിലുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനൊപ്പം പദ്ധതി തുകയിൽ കാലോചിതമായ പരിഷ്ക്കരണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.