ഖനന നിയമ ഭേദഗതി: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍


17, August, 2026
Updated on 17, August, 2026 4


തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ ഭരണഘടനാപരവും ധനപരവുമായ അധികാരങ്ങളെ പരിമിതപ്പെടുത്തുന്ന പാര്‍ലമെന്റ് പാസാക്കിയ മൈന്‍സ് ആന്റ് മിനറല്‍സ് (ഡെവലപ്പ്മെന്റ് ആന്റ് റെഗുലേഷന്‍) ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഭേദഗതിയിലെ നിര്‍ദിഷ്ട സെക്ഷന്‍ 9 ഡി പ്രകാരം ധാതു നിക്ഷേപമുള്ള ഭൂമിക്ക് നികുതി, സെസ്, മറ്റ് ലെവികള്‍ എന്നിവ ചുമത്തുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമാക്കുന്നത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരത്തെ ബാധിക്കും. ധാതുസമ്പത്തുള്ള ഭൂമി കേന്ദ്ര നിയന്ത്രണത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും കുടിശികയായ സംസ്ഥാന നികുതികള്‍ ഇല്ലാതാക്കാനുള്ള വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സവിശേഷ ധാതു നിക്ഷേപമുള്ള കേരളത്തിത്തിന് പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഭേദഗതി ബില്‍. ധാതു നിക്ഷേപമുള്ള ഭൂമിയുടെ മേല്‍ സംസ്ഥാനത്തിന്റെ ധനപരമായ അധികാരം പരിമിതപ്പെടുത്തുന്നത് സംസ്ഥാന വരുമാനത്തെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നികുതി വരുമാനത്തെയും പ്രതികൂലമായി ബാധിക്കും. കേരളം ഉയര്‍ത്തുന്ന ആശങ്കകളില്‍ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.2024-ലെ സുപ്രീം കോടതി വിധി പ്രകാരം ഖനനാവകാശത്തിനുള്ള റോയല്‍റ്റി നികുതിയല്ല. ഭരണഘടനയിലെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ടിലെ എന്‍ട്രി 50 പ്രകാരം ഖനനാവകാശത്തിന് നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. ധാതുസമ്പത്തുള്ള ഭൂമിയ്ക്ക് എന്‍ട്രി 49 പ്രകാരം ധാതുക്കളുടെ ഉല്‍പ്പാദനത്തിന്റെ അളവോ മൂല്യമോ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താനുള്ള അധികാരം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.




Feedback and suggestions