ഓണക്കാലത്ത് പരിശോധന ശക്തമാക്കും; ഓപ്പറേഷൻ തൂഫാനിൽ വീഴ്ചവരുത്തുന്ന പോലീസുകാർക്കെതിരേ നടപടിയെന്ന് രമേശ് ചെന്നിത്തല


17, August, 2026
Updated on 17, August, 2026 52


തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്നും 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പരിശോധന ശക്തമാക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തുവരുന്നുണ്ട്. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

എസ്.എച്ച്.ഒ.മാരുടെ മാറ്റത്തിൽ യാതൊരു ആശയക്കുഴപ്പവുമില്ല. രണ്ടുദിവസത്തിനകംതന്നെ എസ്.ഐ.മാർക്ക് ചുമതല നൽകുന്ന നടപടികൾ പൂർത്തിയാകും. കാലടി സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരേ ശവമഞ്ചം ഒരുക്കിയ സമരം പ്രാകൃതമാണെന്നും ഇത്തരം സംഭവങ്ങൾ ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്നും കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.




Feedback and suggestions