24, July, 2026
Updated on 24, July, 2026 3
ന്യൂഡൽഹി : നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ ചൊല്ലിയുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങളും രാഷ്ട്രീയ പ്രതിഷേധങ്ങളും ശക്തമായി തുടരവെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഉന്നതതല ഉദ്യോഗസ്ഥ അഴിച്ചുപണി. കേന്ദ്ര ഹയർ എജ്യൂക്കേഷൻ സെക്രട്ടറിയായിരുന്ന വിനീത് ജോഷിയെ സ്ഥാനത്തുനിന്ന് നീക്കി. പകരമായി നരേഷ് പാൽ ഗംഗവാറിനെ പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. രാജസ്ഥാൻ കേഡറിലെ 1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ നരേഷ് പാൽ ഗംഗവാർ മുൻപ് വിദ്യാഭ്യാസ, ഊർജ്ജ വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഭരണതന്ത്രജ്ഞനാണ്. നിലവിൽ മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയായിരിക്കേ ആണ് ഗംഗവാറിന് ഈ സുപ്രധാന സ്ഥാനമാറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് നിയമന സമിതിയാണ് വ്യാഴാഴ്ച അർദ്ധരാത്രിയോടെ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ഐഐടി ഡൽഹി, റൂർക്കി സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയിട്ടുള്ള നരേഷ് പാൽ ഗംഗവാർ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ ദിശാബോധവും പ്രവർത്തനശേഷിയും നൽകുമെന്നാണ് വിലയിരുത്തൽ. മുൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഡയറക്ടർ ജനറലും സിബിഎസ്ഇ ചെയർമാനുമായിരുന്ന 1992 ബാച്ച് മണിപ്പൂർ കേഡർ ഉദ്യോഗസ്ഥനായ വിനീത് ജോഷിയെ പഞ്ചായത്തി രാജ് മന്ത്രാലയത്തിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇതോടൊപ്പം സ്‌കൂൾ എജ്യൂക്കേഷൻ ആൻഡ് ലിറ്ററസി സെക്രട്ടറിയായി കർണാടക കേഡറിലെ ടി.കെ. അനിൽ കുമാറിനെയും നിയമിച്ചതോടെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ രണ്ട് പ്രധാന വകുപ്പുകൾക്കും പുതിയ ഭരണനേതൃത്വം കൈവന്നിരിക്കുകയാണ്.