25, August, 2026
Updated on 25, August, 2026 1
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) നിന്നുള്ള സർവീസുകൾ നിരന്തരമായി തടസ്സപ്പെടുകയും വൈകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പ്രമുഖ എയർലൈൻ കമ്പനിയായ സ്പൈസ് ജെറ്റിന് വിമാനത്താവള അധികൃതർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഈ മാസം ഒന്നാം തീയതി മുതൽ സ്പൈസ് ജെറ്റ് വിമാനങ്ങൾ മണിക്കൂറുകളോളം വൈകി ഓടുന്നത് പതിവായതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലാണ്. കൃത്യനിഷ്ഠ പാലിച്ച് സമയക്രമം പാലിച്ചില്ലെങ്കിൽ കമ്പനിക്ക് അനുവദിച്ചിട്ടുള്ള ലാൻഡിംഗ്, ടേക്ക് ഓഫ് സ്ലോട്ടുകൾ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് സിയാൽ നൽകിയിരിക്കുന്ന അന്ത്യശാസനം.
വിമാന സർവീസുകളുടെ താളംതെറ്റലിന് പുറമെ, വിവിധ എയർപോർട്ട് സേവനങ്ങൾ ഉപയോഗിച്ച വകയിൽ കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയും സ്പൈസ് ജെറ്റ് സിയാലിന് നൽകാനുണ്ട്. വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നതിനെതിരെ യാത്രക്കാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് വിമാനത്താവള മാനേജ്‌മെന്റ് കർശന നിലപാടിലേക്ക് നീങ്ങിയത്. നിലവിലെ വീഴ്ചകൾ അടിയന്തരമായി പരിഹരിച്ച് സർവീസുകൾ പുനഃക്രമീകരിക്കാത്ത പക്ഷം കമ്പനിക്കെതിരെ കൂടുതൽ കടുത്ത ഭരണപരമായ നടപടികൾ ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന.