22, August, 2026
Updated on 22, August, 2026 1
രാജ്യത്തെ മൊബൈൽ ഫോൺ നിർമ്മാണ മേഖലയ്ക്ക് വലിയ ഊർജ്ജം പകരാൻ 62,500 കോടി ബജറ്റ് വിഹിതമുള്ള പുതിയ പദ്ധതിയുമായി കേന്ദ്ര കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ആഭ്യന്തര നിർമ്മാണം ശക്തമാക്കാനും, ഘടകഭാഗങ്ങളുടെ ഉൽപ്പാദനം വർധിപ്പിക്കാനും ആഗോള വിപണിയിൽ ഇന്ത്യൻ ബ്രാൻഡുകളുടെ സാന്നിധ്യം ഉറപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 വരെ അഞ്ച് വർഷക്കാലയളവിലാണ് ഈ പദ്ധതി നടപ്പിലാക്കുക.
ഇന്ത്യൻ ഉടമസ്ഥതയിലുള്ള മൊബൈൽ ബ്രാൻഡുകളെ വളർത്തിയെടുക്കുന്നതിനും, ഉൽപ്പന്ന രൂപകൽപ്പന, ഗവേഷണം, ബൗദ്ധിക സ്വത്തവകാശം എന്നിവയിൽ രാജ്യത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പദ്ധതി പ്രത്യേക പ്രാധാന്യം നൽകുന്നു. പദ്ധതിയുടെ ഭാഗമായി യോഗ്യമായ ഫോൺ വിൽപ്പനയ്ക്ക് 2.25 ശതമാനം മുതൽ 5 ശതമാനം വരെ സാമ്പത്തിക പ്രോത്സാഹനം കമ്പനികൾക്ക് ലഭിക്കും. കൂടാതെ, മൊബൈൽ ഫോണുകളുടെ പ്രധാന ഘടകഭാഗങ്ങൾ 25 ശതമാനമെങ്കിലും പ്രാദേശികമായി നിർമ്മിക്കുന്ന കമ്പനികൾക്ക് 1.5 ശതമാനം അധിക ആനുകൂല്യവും, ഗവേഷണ-വികസന പ്രവർത്തനങ്ങൾ നടത്തുന്ന ആഭ്യന്തര ബ്രാൻഡുകൾക്ക് 3 ശതമാനം അധിക ആനുകൂല്യവും ലഭിക്കും.അഞ്ച് വർഷത്തെ ഈ പദ്ധതി വഴി രാജ്യത്തെ ആകെ മൊബൈൽ ഫോൺ നിർമ്മാണ മൂല്യം 39 ലക്ഷം കോടിയായി ഉയരുമെന്നാണ് വിലയിരുത്തൽ. കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിടുന്നതിനൊപ്പം 60,000 നേരിട്ടുള്ള തൊഴിലവസരങ്ങളും അത്രതന്നെ പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമ്മാണം ഏഴിരട്ടിയും കയറ്റുമതി പതിനൊന്നിരട്ടിയുമായി വർധിച്ചിട്ടുണ്ട്.നിലവിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഉൽപ്പാദകരായ ഇന്ത്യയിൽ ഉപയോഗിക്കുന്ന ഫോണുകളുടെ 99.2 ശതമാനവും രാജ്യത്ത് തന്നെ നിർമ്മിക്കുന്നവയാണ്. മുൻപുണ്ടായിരുന്ന ഉൽപ്പാദനബന്ധിത പ്രോത്സാഹന പദ്ധതി 2026 മാർച്ച് 31-ന് അവസാനിച്ച പശ്ചാത്തലത്തിലാണ് ഈ പുതിയ തന്ത്രപ്രധാന പദ്ധതിക്ക് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയത്.