യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്ക് ഒരു മാസത്തിനിടെ 65 കോടി രൂപയുടെ ഭീമമായ വരുമാന നഷ്ടമുണ്ടായതായി ബസുടമകൾ


14, July, 2026
Updated on 14, July, 2026 2


യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്ക് ഒരു മാസത്തിനിടെ 65 കോടി രൂപയുടെ ഭീമമായ വരുമാന നഷ്ടമുണ്ടായതായി ബസുടമകൾ. പ്രതിസന്ധി കടുത്തതോടെ സംസ്ഥാനത്താകെ അഞ്ഞൂറിലധികം ബസുകൾ സർവീസ് പൂർണ്ണമായും നിർത്തിവെച്ചു. നിലവിൽ സർവീസ് നടത്തുന്ന ബസുകളിൽ പകുതിയിലധികവും തങ്ങളുടെ മുഴുവൻ ട്രിപ്പുകളും പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ജീവനക്കാർക്ക് കൃത്യമായ കൂലി നൽകാൻ പോലും പണമില്ലാതെ വന്നതോടെ പല ബസുടമകളും കണ്ടക്ടറുടെയും ഡ്രൈവറുടെയും വേഷം സ്വയം അണിയേണ്ടി വരികയാണ്.മുൻപ് പ്രതിദിനം 16,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന റൂട്ടുകളിൽ ഇപ്പോൾ 10,000 രൂപയിൽ താഴെ മാത്രമാണ് കളക്ഷൻ കിട്ടുന്നത്. പകൽ സമയങ്ങളിൽ ബസുകൾ പലതും യാത്രക്കാരില്ലാതെ ശൂന്യമായി ഓടേണ്ടി വരുന്നു. സ്വകാര്യ ബസുകൾ മുന്നിലെത്തിയാലും കെഎസ്ആർടിസി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാൻ സ്ത്രീകൾ സ്റ്റോപ്പുകളിൽ മണിക്കൂറുകളോളം കാത്തുനിൽക്കുന്നതാണ് നിലവിലെ കാഴ്ച. സ്വകാര്യ ബസുകളുടെ എണ്ണം കെഎസ്ആർടിസിക്കൊപ്പം നിൽക്കുന്ന കൊല്ലം ജില്ലയിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം. വയനാട്, കോട്ടയം ജില്ലകളിലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്. പത്ത് വർഷം മുൻപ് സംസ്ഥാനത്ത് 12,000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഓടുന്നത് വെറും 11,936 ബസുകൾ മാത്രമാണ്. വിദ്യാർത്ഥികളുടെ യാത്രാ നിരക്കെങ്കിലും വർദ്ധിപ്പിക്കാതെ ഈ മേഖലയ്ക്ക് ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഉടമകൾ വ്യക്തമാക്കുന്നു.സ്വകാര്യ ബസ് മേഖല നേരിടുന്ന ഈ കടുത്ത പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി സി.പി. ജോൺ തിരുവനന്തപുരത്തെ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിൽ ബസുടമകളുമായി ചർച്ച നടത്തിയിരുന്നു. കെഎസ്ആർടിസിക്ക് പുറമെ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച് ആ ടിക്കറ്റ് തുക സർക്കാർ ഉടമകൾക്ക് നൽകണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ഇതിനൊപ്പം ഡീസൽ സബ്‌സിഡി അനുവദിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളും ചർച്ചയിൽ ഉന്നയിച്ചിട്ടുണ്ട്. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ അന്തിമ തീരുമാനമാകാത്ത പക്ഷം വരും ദിവസങ്ങളിൽ സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ബസുടമകളുടെ തീരുമാനം.പ്രിയദർശിനി പദ്ധതി വന്നതോടെ കടുത്ത പ്രതിസന്ധിയിലായ സ്വകാര്യ ബസുകൾ മറ്റ് വരുമാന മാർഗ്ഗങ്ങൾ തേടണമെന്ന് മന്ത്രി മുൻപ് നിർദ്ദേശിച്ചിരുന്നു. അതേസമയം, ചർച്ചയ്ക്ക് പിന്നാലെ സ്ത്രീകൾക്കുള്ള സൗജന്യയാത്ര സ്വകാര്യ ബസ് മേഖലയിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. മുൻ ഗതാഗത കമ്മീഷണർ കെ. പദ്മകുമാർ അധ്യക്ഷനായ അഞ്ചംഗ സമിതിയോട് ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.


















Feedback and suggestions