8, July, 2026
Updated on 8, July, 2026 3
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം പ്രവർത്തനക്ഷമമല്ലാത്തതിനാൽ ഹൃദ്രോഗ ചികിത്സ ലഭിക്കാതെ രോഗികൾ ദുരിതത്തിലാണെന്ന പരാതി ശക്തമാകുന്നു. അടിയന്തര ഹൃദ്രോഗ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നിരവധി പേർ മരിച്ചതായും ആക്ഷേപമുണ്ട്.ഏറ്റവും ഒടുവിൽ മരിച്ചത് ആശുപത്രിയിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ബിനു എസ്. ആണെന്നാണ് റിപ്പോർട്ടുകൾ. പനിയെ തുടർന്ന് വെള്ളിയാഴ്ച ചികിത്സ തേടി ആശുപത്രിയിലെത്തിയ അദ്ദേഹം മരുന്ന് വാങ്ങി വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ആവശ്യമായ അടിയന്തര ഹൃദ്രോഗ ചികിത്സാ സൗകര്യങ്ങളുടെ അഭാവമാണ് മരണത്തിന് കാരണമായതെന്ന ആരോപണമാണ് ഉയരുന്നത്.ഹൃദ്രോഗവുമായി എത്തുന്ന രോഗികളെ നിലവിൽ കോട്ടയം, എറണാകുളം മെഡിക്കൽ കോളജുകളിലേക്കാണ് റഫർ ചെയ്യുന്നത്. എന്നാൽ യാത്രാമധ്യേ രോഗികളുടെ നില ഗുരുതരമാകുകയും ചിലർ മരണപ്പെടുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പരാതികൾ.ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർ തസ്തികകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നിയമനം നടന്നിട്ടില്ല. കാർഡിയോളജി ഐസിയു, കാത്ത് ലാബ്, ഒ.പി. എന്നിവയും പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങുകയാണെന്ന വിമർശനവും ഉയരുന്നു. വിഷയത്തിൽ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെട്ട് വിദഗ്ധ ഡോക്ടർമാരെ നിയമിക്കുകയും ചികിത്സാ സൗകര്യങ്ങൾ ഒരുക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്.അതേസമയം, സർക്കാർ മെഡിക്കൽ കോളജുകളിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. ഡോക്ടറെ വീണ്ടും കാണാതെ ആറുമാസം വരെ ഫാർമസിയിൽ നിന്ന് മരുന്ന് വിതരണം ചെയ്യുക, ഒരുമാസത്തേക്കുള്ള മരുന്ന് ഒറ്റത്തവണയായി നൽകുക, ഒ.പി. സമയം കഴിഞ്ഞാലും ടോക്കൺ എടുത്ത എല്ലാ രോഗികളെയും പരിശോധിക്കുക, ഗുരുതര പരിക്കേറ്റവർക്ക് അഞ്ച് മിനിറ്റിനകം ചികിത്സ ആരംഭിക്കുക തുടങ്ങിയ നിർദേശങ്ങളാണ് സർക്കുലറിലുള്ളത്.കൂടാതെ, എല്ലാ കിടപ്പുരോഗികൾക്കും കിടക്ക, മെത്ത, തലയണ എന്നിവ ഉറപ്പാക്കുക, ഒ.പി., ഫാർമസി, ലാബ്, സ്കാനിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ക്യൂ ഒരുക്കുക, പരാതി രജിസ്റ്റർ നിർബന്ധമാക്കുക, ശുചിമുറികൾ ഓരോ മണിക്കൂറിലും വൃത്തിയാക്കുക, രോഗികളെ സഹായിക്കാൻ ഹെൽപ് ഡെസ്‌ക് സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഈ നിർദേശങ്ങൾ 100 ദിവസത്തിനകം നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.