10, July, 2026
Updated on 10, July, 2026 44
കോഴിക്കോട് റെയിൽവേ പ്ലാറ്റ്‌ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിന്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടികൾ റെയിൽവേ അധികൃതർ ആരംഭിച്ചു. ഇന്നലെ രാത്രി വടം ഉപയോഗിച്ച് മൂന്ന് തവണയോളം കെട്ടിടാവശിഷ്ടങ്ങൾ വലിച്ചു താഴെയിടാൻ ശ്രമിച്ചെങ്കിലും ഈ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. നിലവിൽ അപകടാവസ്ഥയിൽ തൂങ്ങിനിൽക്കുന്ന കോൺക്രീറ്റ് ഭാഗങ്ങൾ പൂർണ്ണമായും നീക്കം ചെയ്താൽ മാത്രമേ രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം സാധാരണ നിലയിൽ പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്നാണ് റെയിൽവേ കൺട്രോൾ റൂം വ്യക്തമാക്കുന്നത്.
ക്ലോക്ക് ടവർ തകർന്നതിനെ തുടർന്നുണ്ടായ തടസ്സങ്ങൾ കാരണം നിലവിൽ ഷൊർണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒന്നാം പ്ലാറ്റ്‌ഫോമിലൂടെയും, മംഗലാപുരം ഭാഗത്തേക്കുള്ള സർവീസുകൾ നാലാം പ്ലാറ്റ്‌ഫോമിലൂടെയുമാണ് താൽക്കാലികമായി തിരിച്ചുവിടുന്നത്. പ്ലാറ്റ്‌ഫോമുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഈ പുതിയ നിയന്ത്രണങ്ങൾ കാരണം വിവിധ സർവീസുകൾ നിശ്ചിത സമയത്തേക്കാൾ വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്.സ്റ്റേഷനിലെ യാത്രാക്ലേശം പൂർണ്ണമായി പരിഹരിച്ച് റെയിൽ ഗതാഗതം സാധാരണ സ്ഥിതിയിലാക്കിയ ശേഷം മാത്രമേ, കോടിക്കണക്കിന് ആളുകൾ എത്തുന്ന റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ പെട്ടെന്ന് തകർന്നുവീണ സംഭവത്തിൽ വിശദമായ ഉന്നതതല അന്വേഷണം നടത്താൻ റെയിൽവേ ഡിവിഷൻ തീരുമാനിച്ചിട്ടുള്ളൂ.