ഹോർമുസ് കടലിടുക്കിൽ പുതിയ 'സർവീസ് ഫീസ്' പ്രഖ്യാപിച്ച് ഇറാൻ; ആഗോള ഇന്ധന വിപണിയിൽ വീണ്ടും ആശങ്ക


5, July, 2026
Updated on 5, July, 2026 4



ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് പുതിയ സർവീസ് ഫീസുകൾ ഈടാക്കാൻ ഒരുങ്ങുന്നതായി ഇറാൻ വ്യക്തമാക്കി. ചൈനയിലെ ബെയ്ജിങിൽ നടന്ന വേൾഡ് പീസ് ഫോറത്തിലാണ് ചൈനയിലെ ഇറാൻ അംബാസഡർ അബ്ദുൽറസൂൽ റഹ്മാനി ഫസ്‌ലി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഹോർമുസ് കടലിടുക്ക് തങ്ങളുടെ പ്രാദേശിക ജലപ്രദേശത്തിന്റെ ഭാഗമാണെന്നും അതിനാൽ തന്നെ സർവീസ് ഫീസ് ഈടാക്കാൻ തങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്നുമാണ് ഇറാൻ വാദിക്കുന്നത്. ഇത് ഒരു 'ടോൾ' അല്ലെന്നും മറിച്ച് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും കപ്പലുകളുടെ ഗതാഗതം മേൽനോട്ടം വഹിക്കുന്നതിനുമുള്ള ഫീസാണെന്നും അംബാസഡർ വിശദീകരിച്ചു. വൻതോതിലുള്ള കപ്പൽ ഗതാഗതം മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഈ തുക ഉപയോഗിക്കും. കൂടാതെ, പ്രയാസകരമായ സമയങ്ങളിൽ ഇറാന് ഒപ്പം നിന്ന സൗഹൃദ രാജ്യങ്ങളിലെ കപ്പലുകൾക്ക് ഫീസിൽ പ്രത്യേക പരിഗണനയും ഇളവുകളും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്.


ലോകത്തിലെ ക്രൂഡ് ഓയിലിന്റെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ പാതയാണിത്. പശ്ചിമേഷ്യ യുദ്ധസമയത്ത് ഇറാൻ ഈ പാത ഏതാണ്ട് പൂർണ്ണമായും അടച്ചിട്ടതിനെത്തുടർന്ന് ആഗോള ഇന്ധന വിപണിയിൽ വൻ വിലക്കയറ്റം അനുഭവപ്പെട്ടിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി പ്രാഥമിക കരാറിലെത്തിയ ശേഷമാണ് ഇറാൻ ഹോർമുസിലെ ഉപരോധം നീക്കിയത്. നിലവിൽ സംഘർഷത്തിന് സ്ഥിരമായ പരിഹാരം കാണുന്നതിനുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിൽ തുടർന്നു വരികയാണ്. ഇതിനിടയിലാണ് ഫീസ് ഏർപ്പെടുത്താനുള്ള ഇറാന്റെ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടുന്നത്. പുതിയ നിബന്ധനകൾ ആഗോള വിതരണ ശൃംഖലയെയും ഇന്ധനവിലയെയും വീണ്ടും ബാധിക്കുമോ എന്ന ആശങ്ക പല രാജ്യങ്ങളും ഇപ്പോൾ പങ്കുവെക്കുന്നുണ്ട്.


അമേരിക്ക ഈ നീക്കത്തെ അംഗീകരിക്കുന്നില്ലെങ്കിലും, തങ്ങളുടെ ഉടമസ്ഥതയിലുള്ള ജലപാതയിൽ സുരക്ഷാ മേൽനോട്ടത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പണം ഈടാക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന ഉറച്ച നിലപാടിലാണ് ഇറാൻ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി ഒമാനുമായി സഹകരിച്ച് ജലപാതയിൽ പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ ഇറാൻ ആരംഭിച്ചു കഴിഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ആദ്യ കരാർ പ്രകാരം 60 ദിവസത്തേക്ക് വാണിജ്യ കപ്പലുകൾക്ക് സൗജന്യമായി കടന്നുപോകാൻ അനുവാദമുണ്ടായിരുന്നുവെങ്കിലും, അതിനുശേഷം എന്ത് നിബന്ധനകളാണ് നിലവിൽ വരിക എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.




Feedback and suggestions