27, July, 2026
Updated on 27, July, 2026 1
ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയിൽ പങ്കെടുത്താൽ അറസ്റ്റ് ചെയ്യുമെന്ന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി ഭീഷണി മുഴക്കിയതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. മേയർ സൊഹ്‌റാൻ മംദാനി സമൂഹത്തിൽ വിദ്വേഷം വളർത്തുകയാണെന്നും, ജൂതന്മാരെയും ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഒരുപോലെ കാണേണ്ട അദ്ദേഹം ഒരു വിഭാഗത്തെ മറ്റൊന്നിനെതിരെ തിരിക്കാൻ ശ്രമിക്കുകയാണെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു ആരോപിച്ചു.താൻ യുഎൻജിഎ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുമ്പോൾ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ മേയറുടെ നിലപാട് വലിയ തോതിൽ ആശങ്ക പരത്തിയിട്ടുണ്ടെന്നും, അമേരിക്കയിലെ ജൂതന്മാർ ഇപ്പോൾ ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ഗൗരവമായി എടുക്കണമെന്നും അന്താരാഷ്ട്ര നിയമ നടപടിക്രമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും മേയർ സൊഹ്‌റാൻ മംദാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഗാസയിലെ ഫലസ്തീനികൾക്കെതിരായ വംശഹത്യയുടെ ശില്പിയാണ് നെതന്യാഹുവെന്നും അദ്ദേഹം പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഐ.സി.സി വാറണ്ടുകളെ “നീതിയുടെ വളച്ചൊടിക്കൽ” എന്നും അമേരിക്കയ്ക്കോ ഇസ്രയേലിനോ മേൽ അധികാരപരിധിയില്ലാത്ത ഒരു “കങ്കാരു കോടതി” എന്നുമാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഗാസയിലെ സൈനിക നടപടികൾക്കിടയിൽ യുദ്ധക്കുറ്റങ്ങൾ ആരോപിച്ചു കൊണ്ട് 2024 നവംബറിലാണ് നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ ഐ.സി.സി വാറണ്ട് പുറപ്പെടുവിച്ചത്. എങ്കിലും തനിക്കെതിരായ ആരോപണങ്ങൾ ഇസ്രായേൽ പൂർണ്ണമായി നിഷേധിച്ചിട്ടുണ്ട്, കൂടാതെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയിൽ പങ്കെടുത്ത് ഇസ്രയേലിനും അമേരിക്കൻ സഖ്യത്തിനും വേണ്ടി സത്യം തുറന്നുപറയുമെന്ന് വ്യക്തമാക്കിയ നെതന്യാഹുവിന്റെ ഈ നിലപാട് അന്താരാഷ്ട്ര തലത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകരാഷ്ട്രങ്ങളുടെ മുന്നിൽ പുതിയൊരു രാഷ്ട്രീയ പോരിന് കളമൊരുക്കുന്നതാണ് ഈ സംഭവവികാസങ്ങൾ.