26, July, 2026
Updated on 26, July, 2026 1
വാഷിംഗ്ടൺ: ഇറാൻ – യു.എസ് സംഘർഷത്തിന് താത്കാലിക വിരാമമെന്ന് റിപ്പോർട്ട്. തുടർച്ചയായ 13 ദിവസത്തെ സൈനിക ആക്രമണങ്ങൾക്ക് ശേഷം ഇറാനെതിരായ പുതിയ വ്യോമാക്രമണങ്ങൾ നിർത്തിവെക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ സൈന്യത്തിന് നിർദേശം നൽകി. ഇറാനുമായി നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കുന്നതിന്റെ ഭാഗമായാണ് ഈ താൽക്കാലിക പിന്മാറ്റമെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു.യുഎസ് സൈന്യവും പശ്ചിമേഷ്യൻ മേഖലയും പുതിയ ആക്രമണ പദ്ധതികൾക്ക് തയാറെടുക്കുന്നതിനിടെ വെള്ളിയാഴ്ചയാണ് ഉത്തരവുകൾ നടപ്പിലാക്കുന്നത് തടഞ്ഞുകൊണ്ട് ട്രംപ് നിർദേശം നൽകിയത്. പ്രധാന പോരാട്ടത്തിലേക്ക് കടക്കാതെ നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കാനാണ് അമേരിക്കയുടെ ശ്രമമെന്നാണ് സൂചന. നിലവിൽ ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസിൽ ട്രംപ് വ്യക്തമാക്കി.
ഇറാൻ കൂടുതൽ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെന്നും, കരാറിലെത്തുന്നതാണ് കൂടുതൽ ബുദ്ധിപരമായ തന്ത്രമെന്നും ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് വഴി ഗതാഗതം പുനഃസ്ഥാപിക്കുന്നത് ലക്ഷ്യമിട്ട് ഒമാനിൽ നിന്നുള്ള പ്രത്യേക പ്രതിനിധി സംഘം ടെഹ്‌റാനിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പുതിയ തീരുമാനം.ഇറാനുമേൽ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ച്, നയതന്ത്ര ചർച്ചകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമേരിക്കയുടെ നീക്കം. ഇസ്രായേൽ ആക്രമണം വ്യാപിപ്പിക്കുന്നത് അമേരിക്ക തടഞ്ഞതായാണ് വിവരം. അതേസമയം, ഇറാനെതിരായ സൈനിക നടപടികളിൽ പങ്കാളിയായിട്ടുണ്ടെന്ന വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് കുവൈത്ത് പൂർണ്ണമായും തള്ളിയിട്ടുണ്ട്. അമേരിക്കയ്ക്ക് പിന്തുണ തുടർന്നാൽ ബ്രിട്ടനെയും ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷത്തിൽ അമേരിക്കയുടെ 11 പോർവിമാനങ്ങൾ തകർത്തതായും ഇറാൻ അവകാശപ്പെട്ടു.