30,000 അടി ഉയരത്തിൽ യാത്രക്കാരുടെ കൂട്ടത്തല്ല്; ഈസി ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി!


25, July, 2026
Updated on 25, July, 2026 56


ലിവർപൂൾ: വിമാനം ടേക്ക് ഓഫ് ചെയ്ത് അരമണിക്കൂറിനുള്ളിൽ 30,000 അടി ഉയരത്തിൽ യാത്രക്കാർ തമ്മിൽ ചേരിതിരിഞ്ഞ് കൂറ്റത്തല്ല്. 186 യാത്രക്കാരുമായി ബ്രിട്ടനിലെ ലിവർപൂളിലേക്ക് പുറപ്പെട്ട ഈസി ജെറ്റ് വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അക്രമം സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടതോടെ പൈലറ്റ് വിമാനം അടിയന്തരമായി കാനറി ദ്വീപുകളിലെ ടെനറീഫ് സൗത്ത് വിമാനത്താവളത്തിൽ തിരിച്ചിറക്കി. ബ്രിട്ടീഷ് പൗരന്മാരായ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.വിമാനത്താവള ടെർമിനലിൽ വെച്ചുതന്നെ ഈ കുടുംബങ്ങൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായിരുന്നു. എന്നാൽ വിമാനത്തിൽ കയറിയ ശേഷവും ഇത് തുടരുകയും, ആകാശത്തുവെച്ച് വാക്കുതർക്കം കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. പത്തോളം വരുന്ന യാത്രക്കാരുടെ സംഘമാണ് അക്രമത്തിന് തുടക്കമിട്ടതെന്ന് എയർ ട്രാഫിക് കൺട്രോളർ വ്യക്തമാക്കി. വിമാനം ടെനറീഫിൽ ലാൻഡ് ചെയ്തയുടൻ സ്പാനിഷ് സിവിലിയൻ ഗാർഡ് വിമാനത്തിലെത്തി നടപടി സ്വീകരിച്ചു. പ്രശ്നക്കാരായ രണ്ട് മുതിർന്നവരും ആറ് കുട്ടികളും അടങ്ങുന്ന എട്ടംഗ സംഘത്തെ പോലീസ് വിമാനത്തിൽ നിന്ന് പുറത്താക്കി. തുടർന്ന് മറ്റ് യാത്രക്കാരുമായി വിമാനം ലിവർപൂളിലേക്ക് യാത്ര തുടർന്നു. യാത്രക്കാരുടെ മോശം പെരുമാറ്റം കാരണമാണ് വിമാനം തിരിച്ചിറക്കേണ്ടി വന്നതെന്ന് ഈസിജെറ്റ് അധികൃതർ ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.




Feedback and suggestions