കൊച്ചി : കോഴിക്കോട് നിന്നു സലാല, കുവൈത്ത് സർവീസുകൾക്ക് വീണ്ടും തുടക്കമിട്ടതോടെ പശ്ചിമേഷ്യയിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. സലാല സർവീസുകൾ ഇന്നലെ പുനരാരംഭിച്ചു. കോഴിക്കോട് - കുവൈത്ത് സർവീസുകൾ ഇന്നും ബെംഗളൂരുവിൽ നിന്നു കുവൈത്തിലേക്കുള്ള സർവീസ് നാളെയും പുനരാരംഭിക്കും.
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കോഴിക്കോട് നിന്നു രാവിലെ 11ന് സലാലയിലേക്കും ഉച്ചകഴിഞ്ഞ് 2.15ന് തിരികെ കോഴിക്കോട്ടേക്കുമാണ് സർവീസ്. കോഴിക്കോട് നിന്നു കുവൈത്തിലേക്കുള്ള വിമാനം വെള്ളി രാവിലെ 7.30ന് പുറപ്പെടും. 11.05ന് കുവൈത്തിൽ നിന്നു പുറപ്പെട്ട് വൈകിട്ട് 6.50ന് കോഴിക്കോട് എത്തും. ബെംഗളൂരുവിൽ നിന്നു കുവൈത്തിലേക്കുള്ള വിമാനം വെള്ളി പുലർച്ചെ 2.25ന് പുറപ്പെട്ട് രാവിലെ 4.50ന് എത്തും. അതേ ദിവസം രാവിലെ 5.50ന് തിരികെ പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 1.25ന് ബെംഗളൂരുവിൽ എത്തും. 5 മുതൽ കോഴിക്കോട് - കുവൈത്ത് സെക്ടറിലെ വിമാന സർവീസ് ആഴ്ചയിൽ മൂന്നായി ഉയർത്തും. ഇതോടെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 2.15ന് കോഴിക്കോട് നിന്നു കുവൈത്തിലേക്കും രാവിലെ 5.50ന് തിരിച്ചും സർവീസുകൾ ഉണ്ടായിരിക്കും. 7 മുതൽ ബെംഗളൂരു - കുവൈത്ത് സെക്ടറിലും ആഴ്ചയിൽ മൂന്ന് ദിവസം സർവീസുകൾ ഉണ്ടാവും. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ പുലർച്ചെ 2.25ന് ബെംഗളൂരുവിൽ നിന്നും, രാവിലെ 5.50ന് കുവൈത്തിൽ നിന്നുമായിരിക്കും സർവീസുകൾ. മസ്കത്തിലേക്കും സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഇന്നു മുതൽ ബെംഗളൂരുവിൽ നിന്നായിരിക്കും സർവീസുകൾ.