അമേരിക്കൻ നാവികസേനയുടെ ഹെലികോപ്റ്ററിന് അറബിക്കടലിൽ അടിയന്തര ലാൻഡിങ് ; ഒരു സൈനികനെ കാണാതായി


2, July, 2026
Updated on 2, July, 2026 5



മനാമ : അമേരിക്കൻ നാവികസേനയുടെ ഹെലികോപ്റ്റർ അറബിക്കടലിൽ അടിയന്തര ലാൻഡിങ് നടത്തി. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്ന നാല് ജീവനക്കാരിൽ മൂന്ന് പേരെ രക്ഷപെടുത്തിയെങ്കിലും ഒരു സൈനികനെ കാണാതായി. ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. അമേരിക്കൻ യുദ്ധക്കപ്പലായ 'യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷിൽ' നിന്ന് പറന്നുയർന്ന MH-60S സീ ഹോക്ക് ഹെലികോപ്റ്ററാണ് അറബിക്കടലിൽ അടിയന്തര ലാൻഡിങ് നടത്തിയത്.  അപകടവിവരമറിഞ്ഞയുടൻ യുഎസ് അഞ്ചാം ഫ്ലീറ്റിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വൻതോതിലുള്ള തെരച്ചിൽ ആരംഭിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന നാല് ജീവനക്കാരിൽ മൂന്ന് പേരെയും മറ്റ് നാവികസേനാ കപ്പലുകളുടെ സഹായത്തോടെ വേഗത്തിൽ കടലിൽ നിന്ന് രക്ഷപെടുത്തി. ഇവർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും നിലവിൽ യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് കപ്പലിൽ തീവ്രപരിചരണത്തിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് നാവികസേനാ വക്താക്കൾ അറിയിച്ചു. കാണാതായ നാലാമത്തെ ക്രൂ അംഗത്തിനായി നാവികസേനയുടെ അത്യാധുനിക കപ്പലുകളും വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് കടലിൽ വ്യാപകമായ തിരച്ചിൽ നടത്തുകയാണ്.മേഖലയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ അപകടം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, ഹെലികോപ്റ്റർ ശത്രുക്കളുടെ ആക്രമണം മൂലമല്ല തകർന്നതെന്ന് യുഎസ് നേവൽ ഫോഴ്‌സസ് സെൻട്രൽ കമാൻഡ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. ഇതൊരു സാങ്കേതിക തകരാറോ അല്ലെങ്കിൽ മറ്റ് യാദൃശ്ചികമായ കാരണങ്ങളോ ആകാനാണ് സാധ്യതയെന്നും സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചതായും യു എസ് സൈന്യം അറിയിച്ചു.








Feedback and suggestions