ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചുപൂട്ടിയതായി പ്രഖ്യാപിച്ച് ഇറാൻ ; ഇറാനിലെ വിവിധ നഗരങ്ങളിൽ വ്യോമാക്രമണം നടത്തി യുഎസ്


11, June, 2026
Updated on 11, June, 2026 2



ടെഹ്റാൻ : ഇറാനിലെ വിവിധ നഗരങ്ങളിൽ യുഎസ് വ്യോമാക്രമണം. ഇതോടെ യുഎസും ഇറാനും തമ്മിൽ മൂന്ന് മാസമായി തുടരുന്ന യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. യുഎസ് വ്യോമാക്രമണം ശക്തമാക്കിയതോടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചുപൂട്ടിയതായി ഇറാൻ പ്രഖ്യാപിച്ചു. കപ്പൽ ഗതാഗതം തടഞ്ഞുകൊണ്ട് ഇറാൻ സൈന്യം രണ്ട് വിദേശ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി. ഒരു യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ പൂർണ്ണമായി തകർന്നത്. ഇറാനെ ശക്തമായി ആക്രമിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.


യുഎസ് വ്യോമസേനയും നേവിയും മറൈൻ കോർപ്സും സംയുക്തമായാണ് ഇറാന്റെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. പ്രിസിഷൻ ഗൈഡഡ് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. തെക്കൻ ഇറാനിലെ പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസ് , സിരിക് , മിനാബ് , ഖേഷ്‌ം ദ്വീപ്, ഹോംഗാം ദ്വീപ്, കൂടാതെ വടക്കൻ നഗരമായ ഗോർഗാൻ എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങളുണ്ടായി. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്നും വെറും 60 കിലോമീറ്റർ മാത്രം അകലെയുള്ള താവളങ്ങൾ പോലും ആക്രമിക്കപ്പെട്ടു.


ഇറാന്റെ കമ്മ്യൂണിക്കേഷൻ റഡാറുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവ തകർക്കാൻ 49 ടോമാഹോക്ക് ക്രൂയിസ് മിസൈലുകളാണ് അമേരിക്ക പ്രയോഗിച്ചത്. ​യുഎസ് ആക്രമണത്തിന് പിന്നാലെ ഇറാന്റെ പരമോന്നത സംയുക്ത സൈനിക കമാൻഡായ 'ഖാത്തം അൽ-അൻബിയ' ആണ് ലോകത്തെ ഏറ്റവും വലിയ എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചതായി പ്രഖ്യാപിച്ചത്. ഇനി ഒരു തരത്തിലുള്ള വാണിജ്യ കപ്പലുകളോ ഓയിൽ ടാങ്കറുകളോ ഈ വഴി കടത്തിവിടില്ലെന്നും, നിയമം ലംഘിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലും തങ്ങൾ ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.




Feedback and suggestions