5, June, 2026
Updated on 5, June, 2026 3
ചെന്നൈ : മുൻ ഐപിഎസ് ഓഫീസറും തമിഴ്നാട് രാഷ്ട്രീയത്തിൽ ബിജെപിയുടെ പ്രധാന മുഖവുമായിരുന്ന കെ. അണ്ണാമലൈ ബിജെപിയിൽ നിന്നും ഔദ്യോഗികമായി രാജിവച്ചു. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ രാജി ബിജെപി സ്വീകരിച്ചു. ഡൽഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരെ നേരിട്ട് കണ്ടാണ് അദ്ദേഹം രാജി സമർപ്പിച്ചത്. പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കാനാണ് അണ്ണാമലൈ ബിജെപി വിട്ടിരിക്കുന്നത്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് അദ്ദേഹം അടുത്ത തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. വരാനിരിക്കുന്ന തമിഴ്‌നാട് തിരഞ്ഞെടുപ്പുകളെ ലക്ഷ്യം വച്ചുകൊണ്ട് ഒരു 'തമിഴ്-ഫസ്റ്റ്' പ്രാദേശിക സഖ്യമായിരിക്കും അണ്ണാമലൈയുടെ പുതിയ പ്രസ്ഥാനം മുന്നോട്ട് വെക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബിജെപി തമിഴ്‌നാട് ഘടകത്തിനുള്ളിൽ അണ്ണാമലൈ കടുത്ത അവഗണന നേരിട്ടിരുന്നതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി അണ്ണാമലൈയെ തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി നൈനാർ നാഗേന്ദ്രനെ നിയമിച്ചിത് ഉൾപ്പെടെ തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തെ പൂർണ്ണമായും എതിർത്ത് ബിജെപി തമിഴ്‌നാട്ടിൽ ഒറ്റയ്ക്ക് വളരണമെന്നതായിരുന്നു അണ്ണാമലൈയുടെ നിലപാട്. എന്നാൽ 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഈ കാഴ്ച്ചപ്പാട് തള്ളി AIADMK-യുമായി സഖ്യം ചേരാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ഈ തിരഞ്ഞെടുപ്പിൽ സഖ്യം കനത്ത പരാജയം ഏറ്റുവാങ്ങുകയും ബിജെപിക്ക് കേവലം ഒരു സീറ്റ് മാത്രം ലഭിക്കുകയും ചെയ്തതോടെ അണ്ണാമലൈയുടെ നിലപാട് ശരിയായിരുന്നുവെന്ന് തെളിഞ്ഞിരുന്നു.കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ 'സിംഗം' എന്ന പേരിൽ ജനപ്രിയനായിരുന്നു. 2019-ൽ സർവീസിൽ നിന്ന് രാജിവെച്ച അദ്ദേഹം 2020 ഓഗസ്റ്റിലാണ് ബിജെപിയിൽ ചേരുന്നത്. തൊട്ടടുത്ത വർഷം തന്നെ പാർട്ടി അദ്ദേഹത്തെ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനാക്കി. നിലവിലെ തമിഴ്നാട് മുഖ്യമന്ത്രിയായ വിജയ് രൂപീകരിച്ച 'തമിഴക വെട്രി കഴകം' എന്ന പാർട്ടിക്ക് യുവാക്കൾക്കിടയിൽ ലഭിച്ച വലിയ സ്വീകാര്യത, സംസ്ഥാനത്ത് ഒരു മൂന്നാം ശക്തിക്കുള്ള സാധ്യതകൾ തുറന്നിട്ടിരിക്കുകയാണ്. യുവാക്കൾക്കിടയിൽ മികച്ച സ്വാധീനമുള്ള അണ്ണാമലൈയും ഇതേ പാതയിലാണ് സഞ്ചരിക്കുന്നത്. തന്റെ സാമൂഹിക സംഘടനയായ 'വെൽഫെയർ ഫോറം' ഒരു രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റി വരാനിരിക്കുന്ന തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പുകളിലൂടെ ശക്തി തെളിയിക്കാനാണ് അണ്ണാമലൈയുടെ നീക്കം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.