‘മെയ്‌ഡേ… മെയ്‌ഡേ… മെയ്‌ഡേ…’; ഉണ്ടാകാനിരിക്കുന്ന വന്‍ദുരന്തത്തെ അറിഞ്ഞ് പൈലറ്റ് വിളിച്ചുപറഞ്ഞ ആ വാക്കുകളുടെ പ്രാധാന്യമെന്ത്?

Air India pilot gave Mayday call to ATC What it means
13, June, 2025
Updated on 13, June, 2025 39

Air India pilot gave Mayday call to ATC What it means

ടേക്ക് ഓഫിന് പിന്നാലെ വെറും മുപ്പത്ത് സെക്കന്റുകള്‍ കൊണ്ട് ഒരു വലിയ വിമാനമാകെ കത്തിനശിക്കുന്നതിന് തൊട്ടുമുന്‍പ്, വരാനിരിക്കുന്ന സര്‍വനാശത്തെ പൂര്‍ണമായി അറിഞ്ഞ് പൈലറ്റ് എയര്‍ ട്രാഫിക്ക് കണ്‍ട്രോളിലേക്ക് മെയ്‌ഡേ… മെയ്‌ഡേ… മെയ്‌ഡേ… എന്ന് വിളിച്ചുപറഞ്ഞു. സകല ശ്രദ്ധയും ആ കോളിലേക്ക് തിരിയുന്നതിനിടെ, വിമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ദ്രുതവേഗത്തില്‍ എടിസി ശേഖരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിമിഷങ്ങള്‍ കൊണ്ട് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായി. എയര്‍ ഇന്ത്യ വിമാനം ഒരു തീ ഗോളമായി. 241 ജീവനുകള്‍ പൊലിഞ്ഞു. വിമാനം അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ മെസില്‍ തകര്‍ന്നമര്‍ന്നു. അപകടത്തിന് തൊട്ടുമുന്‍പ്, പാനിക്കായ ആ വേളയില്‍ വിമാനത്തിന്റെ പൈലറ്റ് വിളിച്ചുപറഞ്ഞ മെയ്‌ഡേ എന്ന വാക്കിന്റെ അര്‍ത്ഥമെന്തായിരുന്നു? പരിശോധിക്കാം. ( Air India pilot gave Mayday call to ATC What it means)

ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാവുന്ന ഏറ്റവും അടിയന്തരമായ ഘട്ടത്തില്‍ പൈലറ്റ് എടിസിക്ക് നല്‍കുന്ന അപായ സൂചനയാണ് മെയ്‌ഡേ കോള്‍. എന്ന രക്ഷിക്കൂ എന്നര്‍ത്ഥം വരുന്ന ഫ്രഞ്ച് ഫ്രേയ്‌സായ മെയ്ഡര്‍ എന്നതില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. വിമാനത്തിലോ കപ്പലിലോ തീപിടുത്തം, വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകല്‍, എഞ്ചിന്‍ തകരാര്‍ മുതലായ ഗുരുതര അവസ്ഥകളെ സൂചിപ്പിക്കാനാണ് മെയ്‌ഡേ, മെയ്‌ഡേ, മെയ്‌ഡേ എന്ന് മൂന്ന് പ്രാവശ്യം പറയുന്നത്. ചില അപൂര്‍വമായ സന്ദര്‍ഭങ്ങളില്‍ തൊട്ടടുത്തുള്ള മറ്റൊരു വിമാനത്തിന്റേയോ, ഷിപ്പിന്റെയോ സിഗ്നല്‍ നഷ്ടമായത് സൂചിപ്പിക്കാനും മെയ്‌ഡേ കോള്‍ ഉപയോഗിക്കാറുണ്ട്.

ലണ്ടനിലെ ക്രൊയ്ഡണ്‍ വിമാനത്താവളത്തിലെ റേഡിയോ ഓഫിസറായ ഫെഡറിക് സ്റ്റാന്‍ലി മോക്‌ഫോര്‍ഡാണ് ഈ പദം ആദ്യമായി ഉപയോഗിക്കുന്നത്. കുറഞ്ഞ വാക്കുകളില്‍ വളരെയെളുപ്പത്തില്‍ മനസിലാകുന്ന അപായ മുന്നറിയിപ്പായി 1927 മുതല്‍ റേഡിയോ കമ്മ്യൂണിക്കേഷന്‍ ഫോര്‍ പൈലറ്റ്‌സ് ആന്‍ഡ് മറൈനേഴ്‌സ് ഇത് അംഗീകരിച്ചുതുടങ്ങി. എത്ര ബഹളമയമായ അന്തരീക്ഷത്തിലും സിഗ്നല്‍ മുറിഞ്ഞുപോകുന്ന അവസ്ഥയിലും പെട്ടെന്ന് പറയാനും കേള്‍ക്കാനും ശ്രദ്ധിക്കപ്പെടാനും സാധിക്കുന്ന വാക്കായതിനാലാണ് ഇത് ആഗോളതലത്തില്‍ തന്നെ അപായ സൂചനയായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

മെയ്‌ഡേ കോള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

പൈലറ്റില്‍ നിന്ന് മെയ്‌ഡേ കോള്‍ ലഭിച്ചാല്‍ എടിസി ആദ്യം ചെയ്യേണ്ടത് ആ കോളിന്, ആ വിമാനത്തിന് മുന്‍ഗണന നല്‍കുക എന്നതാണ്. ആവശ്യമില്ലാത്ത മറ്റെല്ലാ റേഡിയോ ട്രാഫിക്കും നിര്‍ത്തണം. അതീവ ശ്രദ്ധയോടെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ സന്നദ്ധമായ എടിസിക്ക് പൈലറ്റ് കാള്‍ സൈന്‍, ലൊക്കേഷന്‍, വിമാനത്തിന്റെ തകരാറിനെക്കുറിച്ചുള്ള വിവരങ്ങള്‍, വിമാനത്തിലെ യാത്രക്കാരുടെ പ്രാഥമിക വിവരങ്ങള്‍ എന്നിവ നല്‍കണം. ഇത് പ്രകാരം റെസ്‌ക്യൂ ടീമിന് അതിവേഗത്തില്‍ ഇടപെടല്‍ നടത്താനാകും. എന്നാല്‍ ഇന്ന് അപകടത്തില്‍പ്പെട്ട എയര്‍ഇന്ത്യ B787 വിമാനം പൈലറ്റിന്റെ മെയ്‌ഡേ കോളിന് ശേഷം നിമിഷങ്ങള്‍ക്കകം അപകടത്തില്‍പ്പെടുകയായിരുന്നു. യാതൊരു വിശദാംശങ്ങളും പങ്കുവയ്ക്കാന്‍ പൈലറ്റിന് സാവകാശം ലഭിച്ചിരുന്നില്ല.







Feedback and suggestions