4, March, 2026
Updated on 4, March, 2026 0
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ദിവസത്തെ കർണാടക സന്ദർശനത്തിനായി അന്നത്തെ ബിജെപി സർക്കാർ ചിലവഴിച്ചത് 33 കോടി രൂപയെന്ന് വെളിപ്പെടുത്തൽ. 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സന്ദർശനത്തിന്റെ ചിലവ് വിവരാവകാശ നിയമപ്രകാരം ആക്ടിവിസ്റ്റ് മഞ്ജുനാഥ് ഹിരെചൗത്തിക്ക് ലഭിച്ച മറുപടിയിലൂടെയാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പിന് വെറും മൂന്ന് മാസം മുൻപ് നടന്ന ഈ സന്ദർശനത്തിനായി പൊതുപണം വൻതോതിൽ വിനിയോഗിച്ചതിനെതിരെ ഇപ്പോൾ വിമർശനം ശക്തമായിട്ടുണ്ട്.
സന്ദർശനത്തിന്റെ ഭാഗമായി ഷിമോഗ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിന് മാത്രമായി 18.81 കോടി രൂപയാണ് സർക്കാർ പൊട്ടിച്ചത്. ഇതിൽ 4.11 കോടി രൂപ ആളുകളെ പരിപാടിയിലേക്ക് എത്തിക്കാനായി ഉപയോഗിച്ച 1800 ബസുകൾക്കായി ചിലവഴിച്ചു. വാട്ടർ പ്രൂഫ് ജർമ്മൻ പന്തലുകൾ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പ്രധാന വേദി, ഗ്രീൻ റൂം, മറ്റ് അലങ്കാരപ്പണികൾ എന്നിവയ്ക്കായി 1.8 കോടി രൂപ വേറെയും മാറ്റിവെച്ചു. വികസന പദ്ധതികളുടെ ഉദ്ഘാടനത്തോടൊപ്പം നടന്ന റോഡ് ഷോകൾക്കും വൻ തുക വിനിയോഗിച്ചിട്ടുണ്ട്.
യാത്രാ ചെലവുകളുടെ പൂർണ്ണരൂപം രേഖകളിൽ വ്യക്തമല്ലെങ്കിലും, സന്ദർശനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 14.35 കോടി രൂപ ചിലവാക്കാൻ പ്രത്യേക അനുമതി നൽകിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോ വേദിയിലേക്ക് ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി യാത്ര ചെയ്തത്. ഇതിൽ രണ്ടര കോടി രൂപയോളം ആളുകളെ സംഘടിപ്പിച്ച് എത്തിക്കാൻ മാത്രമായി ചിലവാക്കിയെന്നും രേഖകൾ വ്യക്തമാക്കുന്നു. മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമായത്.
പൊതുപണം ഇത്തരത്തിൽ ധൂർത്തടിക്കുന്നത് ശരിയല്ലെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇത്തരം പ്രഖ്യാപനങ്ങൾക്ക് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്നും മഞ്ജുനാഥ് ഹിരെചൗത്തി ആവശ്യപ്പെടുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ചിലവ് ചുരുക്കുക പ്രായോഗികമല്ലെന്നും വിഷയത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കാമെന്നുമാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി സി.സി. പാട്ടീൽ പ്രതികരിച്ചത്. വൻ സാമ്പത്തിക ബാധ്യത വരുത്തിവച്ച ഈ സന്ദർശനം ഇപ്പോൾ രാഷ്ട്രീയ ചർച്ചകൾക്ക് പുതിയ വഴിത്തിരിവ് നൽകിയിരിക്കുകയാണ്.