കൂളിംഗ് അധികം വേണ്ട ; എസി ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം

Central government plans to bring restrictions on AC usage in the country
13, June, 2025
Updated on 13, June, 2025 27

Central government plans to bring restrictions on AC usage in the country

രാജ്യത്തെ എസി ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പുതിയ നിയമം വരുന്നതോടെ എസിയുടെ താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴെയാക്കാന്‍ സാധിക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വൈദ്യുതി ഉപയോഗം കുറച്ച്, ഊര്‍ജത്തിന്റെ ആവശ്യം നിയന്ത്രിക്കുക എന്നതാണ് പുതിയ നിയമം ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വ്യക്തമാക്കി.

എസികളിലെ താപനില 20 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായി ക്രമീകരിക്കും. ഇതോടെ 20 ഡിഗ്രി സെല്‍ഷ്യസിന് താഴെ കൂളിംഗ് ചെയ്യാനോ 28 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടാക്കാനോ കഴിയില്ല. താപനിലയില്‍ മാറ്റങ്ങള്‍ വരുത്തി നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള രാജ്യത്തിന്റെ ആദ്യ പരീക്ഷണമാണിതെന്നും മന്ത്രി പറഞ്ഞു.

വേനല്‍ക്കാലത്താണ് വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്നത്. ഈ സമയങ്ങളില്‍ എസികള്‍ 16 ഡിഗ്രി വരെ പ്രവര്‍ത്തിക്കുന്നു. ഇതിനായി കൂടുതല്‍ ഊര്‍ജം ആവശ്യമായി വരുന്നു. എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനത്തിന് ഏകദേശം 50 ഗിഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ പരമാവധി പവര്‍ ലോഡിന്റെ അഞ്ചിലൊന്നാണിതെന്ന് ഊര്‍ജ്ജ, ഭവന, നഗരകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നു. എസികള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നാല്‍ 2035 ഓടെ ഏറ്റവും ഉയര്‍ന്ന ഡിമാന്‍ഡുള്ള സമയത്ത് 60 ഗിഗാവാട്ട് വരെ ഊര്‍ജം ലാഭിക്കാന്‍ കഴിയുമെന്നും അത് പുതിയ പവര്‍ പ്ലാന്റുകള്‍ക്കും ഗ്രിഡ് സംവിധാനങ്ങള്‍ക്കുമായി അധിക തുക ചിലവഴിക്കുന്നത് തടയാനാകുമെന്നും യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്ക്ലി നടത്തിയ പഠനത്തില്‍ പറയുന്നു. വീടുകളില്‍ മാത്രമല്ല ഹോട്ടലുകള്‍, കാറുകള്‍ എന്നിവയ്ക്കെല്ലാം പുതിയ നിയമം ബാധകമാകും.






Feedback and suggestions