5, May, 2026
Updated on 5, May, 2026 53
പശ്ചിമ ബംഗാളിലും അസമിലും സർക്കാർ രൂപീകരിക്കാനുള്ള നടപടികൾ ബിജെപി കേന്ദ്ര നേതൃത്വം ആരംഭിച്ചു. ബംഗാളിലെ കേന്ദ്ര നിരീക്ഷകനായി കേന്ദ്രമന്ത്രി അമിത് ഷായെയും സഹ നിരീക്ഷകനായി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയെയും നിയോഗിച്ചു. അസമിൽ ജെപി നദ്ദ നിരീക്ഷകനായും ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി സഹ നിരീക്ഷകനായും ചുമതലയേൽക്കും. ബംഗാളിൽ മെയ് ഒൻപതിന് പുതിയ സർക്കാർ അധികാരമേറ്റേക്കുമെന്നാണ് സൂചന.
ബംഗാളിൽ ഒന്നരപ്പതിറ്റാണ്ട് നീണ്ട തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ചാണ് 294-ൽ 206 സീറ്റുകൾ നേടി ബിജെപി അധികാരം പിടിച്ചത്. ഭവാനിപുരിൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. സുവേന്ദു അധികാരി തന്നെയാണ് ബംഗാളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻപന്തിയിലുള്ളത്. ദിലിപ് ഘോഷ്, സമിക് ഭട്ടാചാര്യ തുടങ്ങിയ നേതാക്കളുടെ പേരുകളും സജീവമായി പരിഗണിക്കുന്നുണ്ട്.
അസമിൽ 126-ൽ 102 സീറ്റുകൾ നേടിയാണ് എൻഡിഎ സഖ്യം ഹാട്രിക് വിജയം സ്വന്തമാക്കിയത്. ഭരണത്തിലിരിക്കുന്ന ഒരു മുന്നണി 100-ലധികം സീറ്റുകൾ നേടുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ നേടിയ മിന്നും വിജയത്തോടെ അദ്ദേഹം തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് സാധ്യത. കേന്ദ്ര നിരീക്ഷകർ ഇരു സംസ്ഥാനങ്ങളിലുമെത്തി നിയമസഭാ കക്ഷി യോഗങ്ങൾ ചേർന്ന ശേഷം അന്തിമ പ്രഖ്യാപനമുണ്ടാകും.