തൃണമൂലിന്റെ കരുത്തനെ വീഴ്ത്തിയ 'ബിജെപിയുടെ പെൺകരുത്ത്'; ഔസ്ഗ്രാമിലെ വീടുകളിൽ ജോലി ചെയ്തിരുന്ന കലിത ഇനി ജനപ്രതിനിധി


5, May, 2026
Updated on 5, May, 2026 65



പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രപരമായ വിജയം കുറിച്ച് ബിജെപി സ്ഥാനാർത്ഥി കലിത മാജി. വർഷങ്ങളോളം വീട്ടുജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്ന 37-കാരിയായ കലിത, ഔസ്ഗ്രാം നിയമസഭാ മണ്ഡലത്തിൽ നിന്നും ഉജ്ജ്വല വിജയം നേടിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. തൃണമൂൽ കോൺഗ്രസിന്റെ ശ്യാമ പ്രസന്ന ലോഹാറിനെ 12,535 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കലിത പരാജയപ്പെടുത്തിയത്.


പത്രപാറയിലെ വീടുകളിൽ കഴിഞ്ഞ 20 വർഷത്തിലേറെയായി വീട്ടുജോലി ചെയ്തുവരികയായിരുന്നു കലിത. ശുചീകരണം, പാചകം, പരിചരണം തുടങ്ങി എല്ലാ ജോലികളും ചെയ്തിരുന്ന കലിതയെ തങ്ങളുടെ സ്വന്തം മകളെപ്പോലെയാണ് വീട്ടുകാർ കണ്ടിരുന്നത്. അതിരാവിലെ ജോലി ആരംഭിക്കുന്ന കലിത, അച്ചടക്കമുള്ളവളും വിശ്വസ്തയുമാണെന്ന് തൊഴിലുടമകൾ സാക്ഷ്യപ്പെടുത്തുന്നു. സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷവും കുറച്ചുകാലം വീട്ടുജോലിക്കൊപ്പം തന്നെയായിരുന്നു കലിത പ്രചാരണവും കൊണ്ടുപോയിരുന്നത്.സ്ത്രീ ശാക്തീകരണം, അഴിമതി വിരുദ്ധത, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനം എന്നിവയായിരുന്നു കലിതയുടെ പ്രധാന പ്രചാരണ വിഷയങ്ങൾ. "ഒരു വീട്ടുജോലിക്കാരിക്കും നിയമസഭാംഗമാകാൻ കഴിയുമെന്ന് എനിക്ക് കാണിച്ചുതരണം. എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് വേണ്ടി ഞാൻ സംസാരിക്കും" - ഇതായിരുന്നു പ്രചാരണവേളയിൽ കലിത മാജി നൽകിയ വാഗ്ദാനം.കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും പൂർണ്ണ പിന്തുണയോടെയായിരുന്നു കലിതയുടെ പ്രചാരണം. ബംഗാൾ രാഷ്ട്രീയത്തിലെ വലിയ അട്ടിമറികളിലൊന്നായി കലിതയുടെ ഈ വിജയം വിലയിരുത്തപ്പെടുന്നു. വീട്ടുജോലിക്കാരിയിൽ നിന്നും ജനപ്രതിനിധിയിലേക്കുള്ള കലിതയുടെ യാത്ര ഇന്ന് ബംഗാളിലെങ്ങും ചർച്ചാവിഷയമാണ്.












Feedback and suggestions