22, April, 2026
Updated on 22, April, 2026 2
ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയെന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ അവിശ്വസിച്ച് ഇറാന്‍. വെടിനിര്‍ത്തല്‍ നീട്ടിയത് ഇറാനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഇറാന്‍ പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്കിലെ അമേരിക്കയുടെ നാവിക ഉപരോധത്തെ സൈനികമായി നേരിടുമെന്നും ഇറാന്‍ അറിയിച്ചു. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറുടെ ഉപദേഷ്ടാവാണ് പ്രസ്താവനയിലൂടെ പ്രതികരണം നടത്തിയത്. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതായി പ്രഖ്യാപിച്ചത്.
നാവിക ഉപരോധം യുദ്ധമാണെന്നും വെടിനിര്‍ത്തല്‍ ലംഘനമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും പ്രതികരിച്ചു. ചരക്കുകപ്പലുകളെ ലക്ഷ്യം വയ്ക്കുന്നത് സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നും അരഗ്ചി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്റെ നേതാക്കളും പ്രതിനിധികളും ഏകീകൃത നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കും വരെയാണ് വെടിനിര്‍ത്തല്‍ നീട്ടിയതെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. നാവിക ഉപരോധം തുടരുമെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജരായി നില്‍ക്കാനും സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായും ട്രംപ് അറിയിച്ചിട്ടുണ്ട്. ഇസ്ലാമാബാദിലേക്കുള്ള ജെ ഡി വാന്‍സിന്റെ സന്ദര്‍ശനം റദ്ദാക്കിയതായും വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു.