കരാറില്ലെങ്കിൽ ബോംബിടും! ഇറാനെതിരെ യുദ്ധഭീഷണി മുഴക്കി ട്രംപ്; ചൈനീസ് കപ്പൽ തടഞ്ഞതായും അവകാശവാദം


21, April, 2026
Updated on 21, April, 2026 23


ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടില്ലെന്നും കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ബോംബിടുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയിൽ നിന്ന് ഇറാന് സമ്മാനവുമായി വന്ന കപ്പൽ അമേരിക്കൻ സേന തടഞ്ഞതായും ട്രംപ് വെളിപ്പെടുത്തി. സിഎൻബിസിയോടാണ് ട്രംപ് ഈ കാര്യം പറഞ്ഞത്.ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് തനിക്ക് നൽകിയ ഉറപ്പ് ലംഘിച്ചതിൽ താൻ ഞെട്ടിപ്പോയെന്ന് ട്രംപ് പറഞ്ഞു. ഇറാന് ആയുധങ്ങൾ നൽകില്ലെന്നായിരുന്നു ഷീയുടെ വാഗ്ദാനം. എന്നാൽ ഇപ്പോൾ പിടിച്ചെടുത്ത കപ്പലിൽ ചൈനയിൽ നിന്നുള്ള ആയുധങ്ങളുണ്ടെന്നാണ് അമേരിക്കയുടെ സംശയം. കഴിഞ്ഞ ദിവസം ഒരു ഇറാനിയൻ കപ്പൽ അമേരിക്ക വെടിയുതിർത്തശേഷം പിടിച്ചെടുത്തിരുന്നു.വെടിനിർത്തൽ നീട്ടാൻ സമയമില്ലെന്നും കരാർ നടന്നില്ലെങ്കിൽ ഇറാനെ ബോംബിടാൻ സൈന്യം സജ്ജമാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് സ്ത്രീകളെ മോചിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇത് ചർച്ചകൾക്ക് നല്ലൊരു തുടക്കമാകുമെന്നാണ് ട്രംപിന്റെ പക്ഷം. അതേസമയം ഇസ്ലാമാബാദിൽ നിശ്ചയിച്ചിട്ടുള്ള സമാധാന ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തൽ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മേഖല അതീവ ജാഗ്രതയിലാണ്.




Feedback and suggestions