അമേരിക്ക വെടിനിർത്തൽ ലംഘിച്ചു, തിരിച്ചടി ഉടനുണ്ടാകും; ചരക്ക് കപ്പൽ പിടിച്ചെടുത്തതിൽ മുന്നറിയിപ്പുമായി ഇറാൻ


20, April, 2026
Updated on 20, April, 2026 4


പേർഷ്യൻ ഗൾഫിലെ സംഘർഷം പുതിയ തലത്തിലേക്ക്. വെടിനിർത്തൽ കരാർ ലംഘിച്ച് തങ്ങളുടെ ചരക്ക് കപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തുവെന്നും ഇതിന് ശക്തമായ തിരിച്ചടി ഉടനുണ്ടാകുമെന്നും ഇറാന്റെ സൈനിക കമാൻഡായ ഖാതം അൽ-അൻബിയ (Khatam al-Anbiya) മുന്നറിയിപ്പ് നൽകി.ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധം ലംഘിച്ച് ഇറാനിയൻ തുറമുഖത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച കപ്പലിനെയാണ് യുഎസ് സേന തടഞ്ഞത്. ഇത് 'സായുധ കടൽക്കൊള്ള' ആണെന്ന് ഇറാൻ വിശേഷിപ്പിച്ചു.അമേരിക്കൻ നാവികസേന ഇറാനിയൻ പതാക വഹിച്ച കപ്പൽ പിടിച്ചെടുത്തതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.ആക്രമണകാരിയായ അമേരിക്ക വെടിനിർത്തൽ ലംഘിക്കുകയും കടൽക്കൊള്ള നടത്തുകയും ചെയ്തിരിക്കുന്നു. ഒമാൻ കടലിൽ വെച്ച് ഇറാന്റെ വാണിജ്യ കപ്പലിന് നേരെ വെടിയുതിർക്കുകയും കപ്പലിലെ നാവിഗേഷൻ സംവിധാനം തകരാറിലാക്കുകയും ചെയ്തു. ഭീകരവാദികളായ ഏതാനും അമേരിക്കൻ നാവികർ കപ്പലിലേക്ക് അതിക്രമിച്ചു കയറി. ഇതിന് ഇറാൻ സായുധ സേന ഉടൻ തന്നെ പ്രതികാരം ചെയ്യും," ഇറാൻ സൈനിക വക്താവ് പ്രസ്താവനയിൽ പറഞ്ഞു.ചൈനയിൽ നിന്ന് വരികയായിരുന്ന 'തൂസ്ക' (Touska) എന്ന കപ്പലാണ് യുഎസ് നാവികസേനയുടെ യുഎസ്എസ് സ്പ്രുവൻസ് (USS Spruance) എന്ന ഡിസ്ട്രോയർ തടഞ്ഞത്. കപ്പൽ ഇപ്പോൾ അമേരിക്കൻ കസ്റ്റഡിയിലാണെന്നും അതിൽ എന്താണുള്ളതെന്ന് പരിശോധിച്ചു വരികയാണെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് കപ്പൽ തടഞ്ഞതെന്നും മുൻകാലങ്ങളിലെ 'നിയമവിരുദ്ധ പ്രവർത്തനങ്ങൾ' മൂലം ഈ കപ്പലിന് മേൽ അമേരിക്കൻ ട്രഷറിയുടെ ഉപരോധം നിലനിൽക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.




Feedback and suggestions