18, April, 2026
Updated on 18, April, 2026 0
ന്യൂഡല്‍ഹി: വനിതാ ബില്ലില്‍ ഭൂരിപക്ഷമില്ലാതായതോടെ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമത്തെയാണ് പരാജയപ്പെടുത്തിയതെന്ന് പ്രിയങ്ക ഗാന്ധി.വനിതകളുടെ പേരില്‍ ദീര്‍ഘകാലം സഭയില്‍ ഇരിക്കാനുള്ള ശ്രമമാണ് നടന്നതെന്നും വനിതകളുടെ പേരില്‍ പ്രചാരണം നടത്തി അധികാരം നിലനിര്‍ത്താനാണ് ബിജെപിയുടെ ഗൂഢനീക്കമെന്നും പ്രിയങ്ക പറഞ്ഞു. ഒബിസി വിഭാഗത്തിന് സംവരണം നടപ്പിലാക്കണമെന്നും മണ്ഡല പുനര്‍നിര്‍ണയത്തിന് മുന്‍പ് ജാതി സെന്‍സസ് നടത്തണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
'വലിയ വിജയമാണ് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നേടിയെടുത്തത്. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമം ഞങ്ങള്‍ പരാജയപ്പെടുത്തി. ബില്ലിനെ പിന്തുണച്ചില്ലെങ്കില്‍ ഭരണം നഷ്ടമാകുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. ഇതില്‍ നിന്ന് തന്നെ ബില്ലിലെ പരിശുദ്ധി മനസിലാക്കാവുന്നതല്ലേ. വനിതകളുടെ പേരില്‍ ദീര്‍ഘകാലം സഭയില്‍ ഇരിക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു വശത്ത് വനിതകളുടെ പേരില്‍ പ്രചാരണം നടത്തുന്നു. മറുവശത്ത് കൂടി മണ്ഡല പുനര്‍നിര്‍ണയം നടത്തി അധികാരത്തില്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുകയാണ് അവര്‍'. പ്രിയങ്ക വിമര്‍ശിച്ചു.
'രാജ്യത്തെ വനിതാ കായികതാരങ്ങളും മണിപ്പൂരിലെയും ഹത്രാസിലെയും സ്ത്രീകളും അനുഭവിച്ചത് എല്ലാവരും കണ്ടതാണ്. വനിതകളുടെ രക്ഷക പരിവേഷത്തിന് നരേന്ദ്രമോദി ശ്രമിക്കുന്നു. കരിദിനം എന്നാണ് ഫോട്ടോ എടുപ്പിലെ പരാജയത്തില്‍ ബിജെപി വിശേഷിപ്പിച്ചത്. അജണ്ട പരാജയപ്പെട്ടതുകൊണ്ടാണ് ബിജെപിക്ക് കരിദിനം. നിലവിലെ അംഗസംഖ്യയിലെ സംവരണം നടത്തണം. 2023-ലെ നിയമം നടപ്പിലാക്കണം.'
'പിആര്‍ വര്‍ക്ക് ഇന്ത്യാ രാജ്യത്ത് വിലപ്പോവുമെന്ന് ഇനിയും കരുതരുത്. രാജ്യം ഒരുപാട് മാറിയിട്ടുണ്ട്. രാജ്യം വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവക്കൊന്നും മതിയായ രീതിയില്‍ കേന്ദ്രത്തിന് നടപടിയില്ല. പ്രധാനമന്ത്രി അമേരിക്കക്ക് കീഴടങ്ങിയിരിക്കുകയാണ്. ഈ പ്രശ്‌നങ്ങളെല്ലാം ഒടുവില്‍ സ്ത്രീകളുടെ തോളിലാണ് എത്തിച്ചേരുന്നത്. ജനാധിപത്യത്തിന്റെ വിജയമാണ് ഇന്നലെ കണ്ടത്. ബില്ലില്‍ പരാജയപ്പെടുമെന്ന് ബിജെപിക്ക് നേരത്തെ അറിയാമായിരുന്നു. സീറ്റെണ്ണം കൂട്ടി ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമമാണ് തടഞ്ഞത്'. പ്രിയങ്ക വ്യക്തമാക്കി.
'പശ്ചിമേഷ്യന്‍ സംഘര്‍ഷത്തോടനുബന്ധിച്ച് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വിലക്കയറ്റം ജനങ്ങളെ വലച്ചിരിക്കുകയാണ്. അന്താരാഷ്ട്ര സമ്മര്‍ദത്തിന് വിധേയനായി നമ്മുടെ പ്രധാനമന്ത്രി മാറി. വനിതകളുടെ മിഷിഹയാകാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. സ്ത്രീകളുടെ രക്ഷകനാകാന്‍ അദ്ദേഹം കഠിനപ്രയത്‌നം നടത്തുന്നു'. പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് മണ്ഡല പുനര്‍നിര്‍ണയം നടത്തി ലോക്‌സഭ സീറ്റുകള്‍ വര്‍ധിപ്പിച്ച് സംവരണം നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢ നീക്കത്തിന് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ കനത്ത തിരിച്ചടിയേറ്റിരുന്നു. ഇതിനായുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയിലെ വോട്ടെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. ബില്‍ പാസാകാത്തതിനാല്‍ രാജ്യസഭയിലേക്ക് പോകില്ല.