ഖാർഗ് ആക്രമണത്തിന് പിന്നാലെ വീഡിയോയുമായി ട്രംപ്; മിഡിൽ ഈസ്റ്റിൽ ആശങ്ക വർദ്ധിക്കുന്നു


14, March, 2026
Updated on 14, March, 2026 42


ഇറാന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ ഖാർഗ് ദ്വീപിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവെച്ച ബോംബാക്രമണ വീഡിയോ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അദ്ദേഹം പുറത്തുവിട്ടത്. എന്നാൽ, ഈ ദൃശ്യങ്ങൾ ഖാർഗിലെ ആക്രമണത്തിന്റേതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. യാതൊരു അടിക്കുറിപ്പും നൽകാതെയാണ് ട്രംപ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.


വിവിധ ലക്ഷ്യങ്ങളിലേക്ക് ബോംബുകൾ വർഷിക്കുന്നതും ആക്രമിക്കപ്പെട്ട ഇടങ്ങളിൽ നിന്ന് കറുത്ത പുക ഉയരുന്നതുമാണ് വീഡിയോയിലുള്ളത്. ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർത്തുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ഇതെന്നും ട്രംപ് അവകാശപ്പെട്ടു. ഹോർമൂസ് മേഖലയിൽ അക്രമം തുടരുകയാണെങ്കിൽ ഇറാന്റെ എണ്ണ ശുദ്ധീകരണശാലകളെ ലക്ഷ്യമിടുമെന്ന കടുത്ത മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.ഖാർഗ് ദ്വീപ് ലക്ഷ്യമിട്ടുള്ള ഈ നീക്കം മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇറാൻ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. സൈനിക കേന്ദ്രങ്ങൾക്കൊപ്പം സാമ്പത്തിക മേഖലയെയും തകർക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം ആഗോള വിപണിയിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.




Feedback and suggestions