പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു


7, March, 2026
Updated on 7, March, 2026 10


കൊച്ചി: പെരുമ്പളം ദ്വീപിലെ പന്ത്രണ്ടായിരത്തോളം ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി നിർമ്മിച്ച പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേരളത്തിൽ കായലിൽ നിർമിച്ചിട്ടുള്ള ഏറ്റവും നീളംകൂടിയ പാലമാണിത്. കിഫ്ബി ഫണ്ടിൽനിന്ന് 106 കോടി മുടക്കിയാണ് പാലം നിർമിച്ചത്.പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ് ഇന്ന് യഥാര്‍ഥ്യമായത്. ഉദ്ഘാടന ചടങ്ങിനായി ആയിരങ്ങളാണ് പെരുമ്പളത്ത് എത്തിയത്. ഉച്ചയോടെ പെരുമ്പളം പാലത്തിന് സമീപം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹമെത്തി. തുടര്‍ന്ന് നാട മുറിച്ചുകൊണ്ട് മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്തു. ആരവങ്ങളോടെയാണ് ജനങ്ങള്‍ ഉദ്ഘാടന ചടങ്ങിനെ വരവേറ്റത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവരും കൂടെയുണ്ടായിരുന്നു. നാട മുറിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പാലത്തിലൂടെ മറുകരയിലേക്ക് പോയി. പെരുമ്പളം ദ്വീപിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ബസ് സര്‍വീസും ആരംഭിച്ചു.


പെരുമ്പളം ദ്വീപ് എന്ന ബോര്‍ഡ് വെച്ചുള്ള കെഎസ്ആര്‍ടിസി ബസ് പാലത്തിലൂടെ കടന്നുപോയപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ അതിനെ ഏറ്റെടുത്തത്. 1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയമുള്ള കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലമാണ് പെരുമ്പളത്ത് നിര്‍മിച്ചിരിക്കുന്നത്. വേമ്പനാട് കായലിന് കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. മധ്യഭാഗത്ത് മഴവില്‍ നിറത്തില്‍ മൂന്ന് ബോ സ്ട്രിംഗ് ആര്‍ച്ചുകളും പാലത്തിന്‍റെ പ്രത്യേകതയാണ്. ഇവിടെ 12 മീറ്ററാണ് പാലത്തിന്‍റെ വീതി. പെരുമ്പളം പഞ്ചായത്തിലെ 14 വാര്‍ഡുകളിലായി 12000 പേരാണ് കഴിയുന്നത്. 100 കോടി ചെലവിൽ ഊരാളുങ്കൽ സൊസൈറ്റിയാണ് പാലം നിര്‍മിച്ചത്.




Feedback and suggestions