Interim government gives in; Muhammad Yunus announces elections in Bangladesh
7, June, 2025
Updated on 7, June, 2025 6
![]() |
ധാക്ക: 2026 ഏപ്രിൽ പകുതിയോടെ തെരഞ്ഞെടുപ്പുണ്ടാകുമെന്ന് ബംഗ്ലാദേശ് ഇടക്കാല ഗവൺമെന്റ് വെള്ളിയാഴ്ച് അറിയിച്ചു. ഭരണ രംഗത്ത് അഴിച്ചു പണികൾ വന്ന ശേഷം നാഷണൽ സിറ്റിസൺ പാർട്ടി തെരഞ്ഞെടുപ്പിനായി നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു.
ഒന്നര വർഷത്തിനുള്ളിൽ രാജ്യത്ത് യഥാർഥ പ്രാതിനിധ്യ പാർലമന്റെ് നിലവിൽ വരുമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻറെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസ് പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ അറിയപ്പെടുന്ന പാർട്ടികൾ മാത്രമേ ഉണ്ടാകൂ. അവർക്ക് അവരുടേതായ ചിഹ്നങ്ങൾ ഉണ്ടാകും. എന്നാൽ ചിഹ്നങ്ങൾക്കു പിന്നിലെ സ്ഥാനാർഥി ആരാണെന്നും പുതിയ ബംഗ്ലാദേശ് കെട്ടി ഉയർത്താൻ അവർക്ക് കഴിയുമോ എന്നുമൊക്കെ വോട്ടർ തീരുമാനിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ഡിസംബറോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കണമെന്നതടക്കം ആവശ്യങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ തെരുവിലിറങ്ങിയതോടെ അടുത്തിടെ ബംഗ്ലദേശിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരുന്നു. സൈന്യവുമായി യൂനുസിന്റെ ബന്ധവും മോശമാകുന്നതായാണു സൂചന. ഡിസംബറിൽ തിരഞ്ഞെടുപ്പു നടത്തണമെന്ന് സേനാ മേധാവി ജനറൽ വഖാറുസ്സമാൻ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.
ഇടക്കാല സർക്കാർ മേധാവി സ്ഥാനത്തുനിന്നു യൂനുസ് രാജിവയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇതു പിന്നീട് സർക്കാർ വൃത്തങ്ങൾ നിഷേധിച്ചു. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഷെയ്ഖ് ഹസീന സർക്കാർ താഴെ വീണത്. തുടർന്ന് ഇവർ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു.
ഇതിനു ശേഷമാണ് നൊബേൽ സമ്മാനജേതാവായ മുഹമ്മദ് യൂനുസ് മുഖ്യ ഉപദേഷ്ടാവായി ഇടക്കാല സർക്കാർ ചുമതലയേറ്റെടുത്തത്. ഷെയ്ഖ് ഹസീനയുടെ ശക്തനായ വിമർശകനായിരുന്നു യൂനുസ്.
Interim government gives in; Muhammad Yunus announces elections in Bangladesh