അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്നതിന് പിന്നാലെ വിഎസ്ആർ വെഞ്ച്വേഴ്‌സിന് തിരിച്ചടി


25, February, 2026
Updated on 25, February, 2026 10


ജനുവരി 28-ന് മഹാരാഷ്ട്രയിലെ ബാരാമതിയിൽ വെച്ച് ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്ന സംഭവത്തിന് പിന്നാലെ വിമാനക്കമ്പനിയായ വിഎസ്ആർ വെഞ്ച്വേഴ്‌സിനെതിരെ കർശന നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA).


കമ്പനിയുടെ നാല് വിമാനങ്ങൾക്ക് കൂടി ഡിജിസിഎ പറക്കൽ വിലക്കേർപ്പെടുത്തി. ബാരാമതി അപകടത്തിന് പിന്നാലെ കമ്പനിയിൽ നടത്തിയ പ്രത്യേക സുരക്ഷാ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്നാണ് വിമാനങ്ങൾ സർവീസ് നടത്തുന്നത് തടഞ്ഞത്.നോൺ-ഷെഡ്യൂൾഡ് ഓപ്പറേറ്ററായ വിഎസ്ആർ വെഞ്ച്വേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളിലാണ് ഡിജിസിഎ ഓഡിറ്റും നിരീക്ഷണ പരിശോധനയും നടത്തിയത്.ബാരാമതിയിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് തകർന്നുവീണ ലിയർജെറ്റ് 45 വിമാനവും ഈ കമ്പനിയുടേതായിരുന്നു. വിമാനാപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) നടത്തുന്ന അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് കമ്പനിയുടെ പ്രവർത്തനരീതിയിലെ പാളിച്ചകൾ പുറത്തുവന്നിരിക്കുന്നത്.നിലവിൽ 17 വിമാനങ്ങളാണ് വിഎസ്ആർ വെഞ്ച്വേഴ്‌സിന്റെ ശേഖരത്തിൽ ഉള്ളത്. ഇതിൽ ഏഴ് ലിയർജെറ്റ് 45 വിമാനങ്ങളും അഞ്ച് എംബ്രയർ 135ബിജെ വിമാനങ്ങളും നാല് കിംഗ് എയർ ബി200 വിമാനങ്ങളും ഒരു പിലാറ്റസ് പിസി-12 വിമാനവും ഉൾപ്പെടുന്നു. ബാരാമതി അപകടത്തിൽ ഒരു വിമാനം തകരുകയും നിലവിൽ നാല് വിമാനങ്ങൾക്ക് വിലക്ക് വരികയും ചെയ്തതോടെ കമ്പനിയുടെ സർവീസുകളെ ഇത് സാരമായി ബാധിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നാണ് ഓഡിറ്റ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.ഡിജിസിഎയുടെ നടപടിയെ സ്വാഗതം ചെയ്ത് അജിത് പവാറിന്റെ അനന്തരവനും ശരദ് പവാർ പക്ഷത്തെ എംഎൽഎയുമായ രോഹിത് പവാർ രംഗത്തെത്തി. വിഎസ്ആർ വെഞ്ച്വേഴ്‌സിന്റെ പ്രവർത്തനങ്ങളിൽ സുരക്ഷാ വീഴ്ചകളുണ്ടെന്ന് താൻ നേരത്തെയും ആവർത്തിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


വിഎസ്ആർ കമ്പനി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും അത്യാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാണ് അവർ സർവീസ് നടത്തുന്നതെന്നും ഞങ്ങൾ പലതവണ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ന് ഡിജിസിഎ നാല് വിമാനങ്ങൾക്ക് പറക്കൽ വിലക്കേർപ്പെടുത്തിയത് ആ പരാതികൾ ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇത് തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജനുവരി 28-ലെ അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള എഎഐബി അന്വേഷണം അവസാന ഘട്ടത്തിലാണ്. സുരക്ഷാ സംവിധാനങ്ങളിലുണ്ടായ പരാജയങ്ങൾ അപകടത്തിന് കാരണമായിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. വിഎസ്ആർ വെഞ്ച്വേഴ്‌സിനെതിരായ ഇപ്പോഴത്തെ നടപടി മറ്റ് നോൺ-ഷെഡ്യൂൾഡ് വിമാന ഓപ്പറേറ്റർമാർക്കും വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. സുരക്ഷാ പരിശോധനകളിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ കർശന നടപടി തുടരുമെന്നാണ് ഡിജിസിഎ നൽകുന്ന സൂചന.




Feedback and suggestions