19, February, 2026
Updated on 19, February, 2026 30
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രതിരോധ ബന്ധം പുതിയ ചരിത്രപരമായ ഘട്ടത്തിലേക്ക് കടക്കുന്നു. ഫ്രഞ്ച് കമ്പനിയായ ദസ്സോയിൽ നിന്ന് 114 റഫാൽ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തയ്യാറെടുക്കുമ്പോൾ, പകരമായി ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ‘പിനാക’ മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റം വാങ്ങാൻ ഫ്രാൻസും താൽപ്പര്യം പ്രകടിപ്പിച്ചു. വെറുമൊരു ആയുധക്കച്ചവടത്തിനപ്പുറം, ഇന്ത്യയെ തുല്യശക്തിയുള്ള ഒരു പ്രതിരോധ പങ്കാളിയായി ഫ്രാൻസ് അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ നീക്കം.
യുദ്ധക്കളങ്ങളിൽ പരീക്ഷിച്ച് വിജയിച്ച പിനാക റോക്കറ്റ് സിസ്റ്റം അതിന്റെ കൃത്യതകൊണ്ടും അതിവേഗത്തിലുള്ള ഫയറിങ് ശേഷികൊണ്ടുമാണ് ഫ്രാൻസിനെ ആകർഷിച്ചത്. നിലവിൽ ഏകദേശം 90 മുതൽ 120 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഗൈഡഡ് പിനാക റോക്കറ്റുകളാണ് ഇന്ത്യ കയറ്റുമതിക്കായി സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ ദൂരപരിധി കൂടിയ വകഭേദമാകും ഫ്രാൻസ് വാങ്ങുകയെന്നാണ് റിപ്പോർട്ട്. കൂടാതെ 300 മുതൽ 450 കിലോമീറ്റർ വരെ ദൂരപരിധിയുള്ള പിനാക റോക്കറ്റുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. ഇത് വരും വർഷങ്ങളിൽ സജ്ജമാകുമെന്നാണ് റിപ്പോർട്ടുകൾ.പിനാകയ്ക്ക് പുറമെ ഇന്ത്യയുടെ പീരങ്കി സംവിധാനങ്ങൾ, മിസൈലുകൾ, ഇലക്ട്രോണിക് വാർഫെയർ ഉപകരണങ്ങൾ എന്നിവയും ഫ്രാൻസ് നിരീക്ഷിച്ചുവരികയാണ്. ആഗോള വിതരണ ശൃംഖലയിൽ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു പങ്കാളിയെ കണ്ടെത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഈ സഹകരണം ഇരുരാജ്യങ്ങളിലെയും സാങ്കേതിക വിദഗ്ധർക്കും എൻജിനീയർമാർക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതിരോധ രംഗത്തെ നൂതന കണ്ടുപിടുത്തങ്ങൾക്ക് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു.
ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന നിലയിൽ നിന്ന് പ്രമുഖ കയറ്റുമതി ശക്തിയായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഈ ഇടപാട് വലിയ കരുത്ത് പകരും. ഫ്രാൻസിനെപ്പോലെ സൈനികമായി അത്യാധുനികമായ ഒരു രാജ്യം ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ വാങ്ങുന്നത് ആഗോള വിപണിയിൽ ഇന്ത്യയുടെ വിശ്വാസ്യത വർദ്ധിപ്പിക്കും. വരും വർഷങ്ങളിൽ കൂടുതൽ ഇന്ത്യൻ പ്രതിരോധ സാമഗ്രികൾ യൂറോപ്യൻ വിപണിയിലേക്ക് എത്തുന്നതിനും ഇത് കാരണമാകും.