നെല്ലുസംഭരണത്തിനായി കേരളം നല്‍കുന്ന ബോണസ് നിര്‍ത്തണമെന്ന് കേന്ദ്രം


8, February, 2026
Updated on 8, February, 2026 10


തിരുവനന്തപുരം: രാജ്യത്ത് ധാന്യോത്പാദനം ആവശ്യത്തിലധികമായതിനാല്‍, നെല്ലുസംഭരണത്തിനായി കേരളം നല്‍കുന്ന പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. പകരം പയറുവര്‍ഗങ്ങള്‍, എണ്ണക്കുരു, ചെറുധാന്യം എന്നിവയ്ക്കു പ്രാധാന്യം നല്‍കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിലെ ചെലവുകാര്യ സെക്രട്ടറി വി വുവല്‍നാം സംസ്ഥാന ചീഫ് സെക്രട്ടറി എ ജയതിലകിനയച്ച കത്തിലെ നിര്‍ദേശം. തീരുമാനം നടപ്പാക്കിയാല്‍ സംസ്ഥാനത്തെ നെല്‍ക്കര്‍ഷകര്‍ക്ക് കിലോഗ്രാമിന് ആറുരൂപയിലേറെ കുറയും. ഇതു പ്രതിസന്ധി സൃഷ്ടിക്കും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച അധിക പ്രോത്സാഹന ബോണസ്, വിത്തിടലും ഉത്പാദനവുമൊക്കെ വന്‍തോതില്‍ വര്‍ധിക്കാനിടയാക്കും. ആവശ്യത്തെക്കാളേറെ നെല്ലും ഗോതമ്പും പൊതുവിതരണത്തിന് ലഭ്യമാണ്. അതേസമയം, പയറുവര്‍ഗങ്ങളുടെയും എണ്ണക്കുരുവിന്റെയും ഉത്പാദനം കുറവായതിനാല്‍ വന്‍തോതില്‍ അവ ഇറക്കുമതി ചെയ്യേണ്ടിവരുന്നെന്ന് കേന്ദ്രം കത്തില്‍ ചൂണ്ടിക്കാട്ടി. നെല്ലുസംഭരണത്തിന് കേന്ദ്രം നല്‍കുന്നത് 23.69 രൂപയാണ്. 6.31 രൂപയാണ് കേരളം നല്‍കുന്ന അധിക പ്രോത്സാഹന ബോണസ്. 5.20 രൂപയായിരുന്ന ഇത് ഒക്ടോബറിലെ മന്ത്രിസഭായോഗത്തിലാണ് കൂട്ടിയത്. അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് എല്‍ഡിഎഫ്. കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.




Feedback and suggestions