മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയാകാൻ സുനേത്ര പവാർ; സത്യപ്രതിജ്ഞ ഇന്ന്


31, January, 2026
Updated on 31, January, 2026 9


മുംബൈ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാകും. എൻസിപിയുടെ മുതിർന്ന നേതാക്കൾ ബാരാമതിയിൽ ചേ‍ർന്ന യോഗത്തിന് ശേഷമാണ് തീരുമാനം. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും. ഇതോടെ മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാകുകയാണ് സുനേത്ര പവാർ.


എൻസിപിയിലെ മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, സുനിൽ തത്കരെ എന്നിവർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തി പാർട്ടി തീരുമാനം അറിയിച്ചു. എൻസിപിയുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ് വ്യക്തമാക്കിയിട്ടുണ്ട്.


അതേസമയം, ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുംബൈയിലെ വിധാൻ ഭവനിൽ ചേരുന്ന എൻസിപി നിയമസഭാ കക്ഷി യോഗം സുനേത്ര പവാറിനെ തങ്ങളുടെ നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കും. നിലവിൽ രാജ്യസഭാ അംഗമാണ് 62-കാരിയായ സുനേത്ര പവാർ. 2024 ജൂൺ 18-നാണ് അവർ രാജ്യസഭയിലെത്തിയത്.


അജിത് പവാറിന്റെ മരണത്തിന് പിന്നാലെ എൻസിപിയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ലയന ചർച്ചകളും സജീവമാണ്. എന്നാൽ ലയനം സംബന്ധിച്ച അന്തിമ തീരുമാനം ഏതാനും ആഴ്ചകൾക്ക് ശേഷം മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോർട്ടുകൾ.


രണ്ട് ദിവസം മുമ്പ് ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ അന്തരിച്ചത്. അജിത് പവാറിന്റെ വിയോഗം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചിരിക്കെ, പവാർ കുടുംബത്തിൽ നിന്ന് തന്നെ ഒരാൾ നേതൃസ്ഥാനത്തേക്ക് വരുന്നത് പാർട്ടിയെ ഐക്യത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.




Feedback and suggestions