30, January, 2026
Updated on 30, January, 2026 9
ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും തുടരുന്ന കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. ജമ്മു കശ്മീരിലെ ശ്രീനഗർ, കിഷ്ത്വാർ, കുൽഗാം, ബന്ദിപ്പോറ തുടങ്ങി പ്രധാന ഇടങ്ങളിലെല്ലാം അതിരൂക്ഷമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള ഗതാഗതം തടസ്സപ്പെടുകയും ചൊവ്വാഴ്ച മാത്രം 50 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. വരും ദിവസങ്ങളിലും മോശം കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ വിമാനക്കമ്പനികൾ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
മഞ്ഞുവീഴ്ചയെത്തുടർന്ന് ദേശീയപാത 44 ഉൾപ്പെടെയുള്ള പ്രധാന റോഡുകളെല്ലാം അടച്ചു. നവ്യുഗ് ടണലിന് സമീപം മഞ്ഞ് അടിഞ്ഞുകൂടിയതോടെ വാഹനസഞ്ചാരം പൂർണ്ണമായും നിരോധിച്ചു. മുഗൾ റോഡ്, എസ്.എസ്.ജി റോഡ് തുടങ്ങിയ പാതകളും നിലവിൽ അടച്ചിരിക്കുകയാണ്. ഹിമാചൽ പ്രദേശിൽ ആയിരത്തി ഇരുനൂറിലധികം റോഡുകളാണ് മഞ്ഞുമൂടി കിടക്കുന്നത്. പ്രധാന പാതകൾ സഞ്ചാരയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾ അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിവരികയാണെങ്കിലും മോശം കാലാവസ്ഥ വെല്ലുവിളിയാകുന്നുണ്ട്.
മഞ്ഞുവീഴ്ച ആസ്വദിക്കാനെത്തിയ വിനോദസഞ്ചാരികൾ പലയിടങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കിൽപ്പെട്ട് മണിക്കൂറുകളോളം ഭക്ഷണവും വെള്ളവുമില്ലാതെ യാത്രക്കാർ ദുരിതമനുഭവിക്കുന്നതായാണ് റിപ്പോർട്ടുകൾ. മണാലിയിലെത്തിയ ഡൽഹി സ്വദേശികളായ യുവാക്കൾക്ക് 40 മണിക്കൂറിലധികം കാറിനുള്ളിൽ ചെലവഴിക്കേണ്ടി വന്നത് സ്ഥിതിയുടെ ഗൗരവം വ്യക്തമാക്കുന്നു. അടിസ്ഥാന സൗകര്യങ്ങളോ ശുചിമുറികളോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സഞ്ചാരികൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.