അനുബന്ധ തെളിവുകള്‍ പ്രധാനം, കുറ്റസമ്മതമൊഴി മാത്രം ശിക്ഷ വിധിക്കാന്‍ പര്യാപ്തമല്ല: സുപ്രീം കോടതി


30, January, 2026
Updated on 30, January, 2026 11


ന്യൂഡല്‍ഹി: അനുബന്ധ തെളിവുകള്‍ ഇല്ലാതെ കുറ്റസമ്മത മൊഴിമാത്രം ശിക്ഷ വിധിക്കാന്‍ പര്യാപ്തമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. കൊലപാതകക്കേസില്‍ മേഘാലയ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. തെളിവുകളാല്‍ സ്ഥിരീകരിക്കാത്ത കുറ്റസമ്മത പ്രസ്താവനകള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിന് പര്യാപ്തമല്ല, പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തുന്ന സാഹചര്യ തെളിവുകള്‍ വേണമെന്നും ബെഞ്ച് നിരീക്ഷിച്ചു.


2006ല്‍, മേഘാലയയില്‍ കാണാതായ ഒരു കോളജ് വിദ്യാര്‍ഥിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലാണ് നടപടി. കേസില്‍ മരിച്ച വ്യക്തിയുടെ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ കസ്റ്റഡിയിലായിരുന്ന സമയത്ത് നല്‍കിയ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മേഘാലയ ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചത്. വിചാരണ കോടതി വെറുതെവിട്ട പ്രതികളെ ആയിരുന്നു ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. എന്നാല്‍ വിചാരണ കോടതിയുടെ നടപടി ശരിവച്ചുകൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്.

കേസില്‍, പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്താന്‍ കോടതി ആശ്രയിച്ചിരുന്ന തെളിവുകള്‍ വിശ്വസനീയമല്ലെന്നും അന്വേഷണത്തില്‍ ഗുരുതരമായ വിടവുകള്‍ ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രണ്ട് പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതി ഇരുവരെയും വിട്ടയക്കാനും നിര്‍ദേശിക്കുകയായിരുന്നു.




Feedback and suggestions