അജിത് പവാറിന്റെ സംസ്കാരം ഇന്ന് ബാരാമതിയിൽ; പൊതുദർശനം തുടരുന്നു


29, January, 2026
Updated on 29, January, 2026 12


മുംബൈ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഇന്ന് രാവിലെ 11 ന് പൂനെയിലെ ബാരാമതിയിലാണ് സംസ്കാര ചടങ്ങ് നടക്കുക. ഇന്ന് രാവിലെ ഏഴ് മണിയോടെ മൃതദേഹം കത്തേവാഡിയിലെ വീട്ടിലെത്തിക്കും. ഇവിടെ ഒരു മണിക്കൂർ പൊതുദർശനം നടത്തും. തുടര്‍ന്ന് ഇവിടെ നിന്ന് വിലാപയാത്രയായി സംസ്കാര ചടങ്ങുകള്‍ നടക്കുന്ന വിദ്യാ പ്രതിഷ്ഠാൻ കോളേജിൽ എത്തിക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന സംസ്‌കാരച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തേക്കുമെന്നാണ് വിവരം.


അതേസമയം വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു. വിമാനം വാടകയ്ക്ക് നൽകിയ വിഎസ്ആർ കമ്പനി ഓഫീസിൽ എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോയിലെ ഉദ്യോ​ഗസ്ഥർ പരിശോധന നടത്തി. ഇതിന്റെ ഭാ​ഗമായി ഇന്നലെ അപകടം നടന്ന സ്ഥലത്ത് ഇന്നും പരിശോധന തുടരും. ഇന്നലെ ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ട് ഇന്ന് വൈകുന്നേരം സമർപ്പിച്ചേക്കും.


ഇന്നലെ രാവിലെ 8.50നാണ് മുംബൈയില്‍ നിന്ന് ബാരാമതിയിലേക്ക് പോകുകയായിരുന്ന അജിത് പവാറും സംഘവും അപകടത്തിൽപ്പെട്ടത്.. അജിത് പവാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥനായ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂര്‍, സാംബവി പഥക്, ഫ്ലൈറ്റ് അസിസ്റ്റന്‍റ് പിങ്കി മാലി എന്നിവരായിരുന്നു ലിയര്‍ ജെറ്റ് -45 എന്ന വിമാനത്തിലുണ്ടായിരുന്നത്. കര്‍ഷക റാലിയടക്കം ബാരാമതിയില്‍ നാല് പരിപാടികളില്‍, പുണെ ജില്ലാ പരിഷദ് തെരഞ്ഞെടുപ്പ് പ്രചാരണം ഇതായിരുന്നു അജിത് പവാറിന്‍റെ യാത്രാ പദ്ധതി. താഴ്ന്ന വിമാനം റണ്‍വേ തൊടുന്നതിന് മുന്‍പ് തകര്‍ന്ന് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നീട് വിമാനം പൂർണമായും കത്തി നശിച്ചു. എല്ലാവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു.




Feedback and suggestions