27, January, 2026
Updated on 27, January, 2026 10
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തഞ്ചാവൂരിൽ നടന്ന ഡിഎംകെ വനിതാ സമ്മേളനത്തിൽ സംസാരിക്കവെയാണ്, തമിഴ്‌നാട്ടിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിന് സ്റ്റാലിൻ മറുപടി നൽകിയത്. സ്ത്രീകൾക്ക് ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായി ജീവിക്കാവുന്ന ഇടം തമിഴ്‌നാടാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും ജോലിസ്ഥലങ്ങളിൽ സ്ത്രീപങ്കാളിത്തം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണിപ്പൂരിലെ വംശീയ കലാപം ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിൻ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. “മണിപ്പൂരിനെ നിങ്ങൾ മറന്നോ? ഇരട്ട എൻജിൻ സർക്കാരിന് അവിടെ സമാധാനം കൊണ്ടുവരാൻ കഴിയാത്തത് എന്തുകൊണ്ടാണ്?” എന്ന് അദ്ദേഹം ചോദിച്ചു. മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള ബിജെപിയുടെ ആരോപണങ്ങളെ തള്ളിയ മുഖ്യമന്ത്രി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അതിർത്തികൾ വഴിയാണ് രാജ്യത്തേക്ക് മയക്കുമരുന്ന് ഒഴുകുന്നതെന്ന് തിരിച്ചടിച്ചു.എഐഎഡിഎംകെ-ബിജെപി സഖ്യത്തെ “പുനർനിർമ്മിച്ച പരാജയപ്പെട്ട സഖ്യം” എന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്. ഇഡി, ഐടി റെയ്ഡുകളെ ഭയന്നാണ് എൻഡിഎയിലെ സഖ്യകക്ഷികൾ ബിജെപിക്കൊപ്പം നിൽക്കുന്നത്. ദ്രാവിഡ മാതൃകയിലുള്ള വികസനം സ്ത്രീ ശാക്തീകരണത്തിനാണ് ഊന്നൽ നൽകുന്നത്. സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര, പ്രഭാതഭക്ഷണ പദ്ധതി, തദ്ദേശ സ്ഥാപനങ്ങളിലെ 50 ശതമാനം സംവരണം എന്നിവ സർക്കാരിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെ എംപി കനിമൊഴിയും പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയിൽ സംസാരിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം തമിഴ്‌നാട്ടിലെത്തുന്ന ‘ടൂറിസ്റ്റ് പ്രധാനമന്ത്രി’യാണ് മോദിയെന്ന് അവർ പരിഹസിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസം, തമിഴ് ഭാഷയ്ക്കുള്ള ഫണ്ട് തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും അവർ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഫെബ്രുവരിയിൽ അഞ്ച് മെഗാ സമ്മേളനങ്ങൾ നടത്തുമെന്നും ഡിഎംകെ നേതൃത്വം പ്രഖ്യാപിച്ചു.