26, January, 2026
Updated on 26, January, 2026 4
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ രാജ്യത്തിന്റെ സൈനിക ശക്തിയുടെയും ആത്മനിർഭർ ഭാരതത്തിന്റെയും പ്രതീകമായി ‘ഓപ്പറേഷൻ സിന്ദൂർ’ പശ്ചാത്തലമായുള്ള ആയുധശേഖരങ്ങൾ ശ്രദ്ധാകേന്ദ്രമായി. കർത്തവ്യ പഥിൽ നടന്ന ഗംഭീരമായ പരേഡിൽ ബ്രഹ്മോസ് മിസൈൽ സംവിധാനവും എസ്-400 വ്യോമപ്രതിരോധ കവചവും തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ആയുധങ്ങളും അണിനിരന്നു.പാകിസ്താനിലെ ഭീകരതാവളങ്ങൾ തകർക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’ൽ നിർണ്ണായക പങ്കുവഹിച്ച ആയുധങ്ങളാണ് ഇത്തവണ പരേഡിലെ പ്രധാന ആകർഷണം. മൂന്ന് സൈനിക വിഭാഗങ്ങളുടെയും സംയുക്ത കരുത്ത് വിളിച്ചോതുന്ന ഒരു പ്രത്യേക ടാബ്ലോ പരേഡിൽ പ്രദർശിപ്പിച്ചു. ഈ ഓപ്പറേഷനിൽ പാക് യുദ്ധവിമാനങ്ങളെ വെടിവെച്ചിട്ട എസ്-400 മിസൈൽ സംവിധാനവും ശത്രുതാവളങ്ങൾ കൃത്യതയോടെ തകർത്ത ബ്രഹ്മോസ് മിസൈലും ഈ പ്രദർശനത്തിന്റെ ഭാഗമായിരുന്നു.അതിവേഗവും കൃത്യതയും ഒത്തുചേരുന്ന ബ്രഹ്മോസ് മിസൈൽ ഇന്ത്യയുടെ ആക്രമണോത്സുകമായ സൈനിക ശേഷിയുടെ അടയാളമായി മാറി.ഇന്ത്യയുടെ ആകാശത്തിന് ‘സുദർശന ചക്ര’മെന്ന പോലെ സുരക്ഷയൊരുക്കുന്ന റഷ്യൻ നിർമ്മിത വ്യോമപ്രതിരോധ സംവിധാനം ആദ്യമായാണ് പരേഡിൽ അണിനിരന്നത്. ഭാവിയെ മുന്നിൽ കണ്ട് സൈന്യം വികസിപ്പിച്ച ‘ശക്തിബാൺ’ ‘ദിവ്യാസ്ത്ര’ എന്നീ ഡ്രോൺ വേധ സംവിധാനങ്ങളും പ്രദർശിപ്പിച്ചു. ഇവയിൽ സ്വാം ഡ്രോണുകൾ ലോയിറ്ററിംഗ് മ്യുണിഷൻസ് എന്നിവ ഉൾപ്പെടുന്നു.