നികുതിദായകർക്ക് പ്രതീക്ഷയുടെ ബജറ്റ്; ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യത


24, January, 2026
Updated on 24, January, 2026 6


കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന 2026-ലെ കേന്ദ്ര ബജറ്റിൽ ആദായനികുതിയുമായി ബന്ധപ്പെട്ട് സുപ്രധാന ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. പുതിയ നികുതി വ്യവസ്ഥയിലേക്ക് കൂടുതൽ ശമ്പളക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാകും പരിഷ്കാരങ്ങൾ. കുടുംബങ്ങളെ ഒരു യൂണിറ്റായി പരിഗണിച്ച് ദമ്പതികൾക്ക് സംയുക്തമായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള നൂതന സൗകര്യം ഇത്തവണ മന്ത്രി പ്രഖ്യാപിച്ചേക്കുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.


നിലവിൽ പുതിയ നികുതി വ്യവസ്ഥ പ്രകാരം 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇളവ് നൽകുന്നത് മധ്യവർഗക്കാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഇത്തവണ ഈ പരിധിയിൽ മാറ്റം വരുത്തിയില്ലെങ്കിലും, ശമ്പളക്കാരുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉയർത്താൻ സാധ്യതയുണ്ട്. നിലവിലുള്ള 75,000 രൂപ എന്ന പരിധി ഒരു ലക്ഷമായി ഉയർത്താനാണ് സർക്കാർ ആലോചിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കാം.പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള മെഡിക്കൽ ഇൻഷുറൻസ് ഇളവ് ഇരട്ടിയാക്കുന്നത് സംബന്ധിച്ച നിർദ്ദേശവും ധനമന്ത്രിയുടെ പരിഗണനയിലുണ്ട്. കൂടാതെ, വസ്തുക്കളോ ഓഹരികളോ വിൽക്കുമ്പോൾ ലഭിക്കുന്ന ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതിയിളവ് പരിധി രണ്ടു ലക്ഷം രൂപയായി ഉയർത്തിയേക്കും. മധ്യവർഗ നിക്ഷേപകർക്ക് ഏറെ ആശ്വാസം നൽകുന്ന ഒന്നായിരിക്കും ഈ മാറ്റം.


അമേരിക്കൻ തീരുവ വർധനവ് ഇന്ത്യൻ കയറ്റുമതി മേഖലയെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ് വരുന്നത്. പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ ടെക്സ്റ്റൈൽസ് മേഖല ഉൾപ്പെടെയുള്ള വ്യവസായങ്ങളെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജുകൾ ധനമന്ത്രി പ്രഖ്യാപിച്ചേക്കും. ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ സാധാരണക്കാരന്റെ ക്രയശേഷി വർധിപ്പിക്കുന്ന തരത്തിലുള്ള ധനനയങ്ങൾക്കാകും 2026-ലെ ബജറ്റിൽ മുൻഗണന ലഭിക്കുക.




Feedback and suggestions