21, January, 2026
Updated on 21, January, 2026 10
സനാതന ധർമ്മത്തെക്കുറിച്ചുള്ള തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ്റെ വിവാദ പരാമർശങ്ങൾക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പ്രസംഗം 'ഹേറ്റ് സ്പീച്ച്' (വെറുപ്പുളവാക്കുന്ന പ്രസംഗം) ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിരീക്ഷിച്ചു. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ തിരുച്ചിറപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് എസ്. ശ്രീമതിയുടെ ഈ പരാമർശങ്ങൾ.സനാതന ധർമ്മം എന്നത് കൊറോണയോ ഡെങ്കിപ്പനിയോ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന ഉദയനിധിയുടെ 2023 സെപ്റ്റംബറിലെ പ്രസംഗം ഹിന്ദു മതത്തിന് നേരെ നടന്ന വ്യക്തമായ ആക്രമണമാണെന്ന് കോടതി പറഞ്ഞു.
ഡിഎംകെയും അതിന്റെ മാതൃസംഘടനയായ ദ്രാവിഡ കഴകവും കഴിഞ്ഞ 100 വർഷമായി ഇത്തരം ആക്രമണങ്ങൾ തുടരുകയാണെന്നും മന്ത്രി ഇതേ പ്രത്യയശാസ്ത്ര പാരമ്പര്യത്തിൽ പെട്ടയാളാണെന്നും കോടതി ചൂണ്ടിക്കാട്ടി. 'സനാതന ഒഴിപ്പ്' എന്ന തമിഴ് പ്രയോഗം ഒരു പ്രത്യേക വിഭാഗത്തെ പൂർണ്ണമായും ഇല്ലാതാക്കുക എന്ന അർത്ഥം വരുന്നതാണെന്നും ഇത് വംശഹത്യയ്ക്ക് തുല്യമായ പ്രയോഗമാണെന്നും കോടതി വിലയിരുത്തി.വെറുപ്പുളവാക്കുന്ന പ്രസംഗങ്ങൾ നടത്തുന്നവർ ശിക്ഷിക്കപ്പെടാതെ പോകുകയും അതിനോട് പ്രതികരിക്കുന്നവർ നിയമനടപടികൾ നേരിടുകയും ചെയ്യുന്ന സാഹചര്യം വേദനാജനകമാണെന്ന് കോടതി കുറിച്ചു.
ഉദയനിധിയുടെ പ്രസംഗത്തെ വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അമിത് മാളവ്യയ്‌ക്കെതിരെ കേസ് എടുത്ത തമിഴ്‌നാട് പോലീസിന്റെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. ഉദയനിധിക്കെതിരെ തമിഴ്‌നാട്ടിൽ ഒരിടത്തും കേസെടുത്തിട്ടില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.
2023 സെപ്റ്റംബറിലായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. ചെന്നൈയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ: "ചില കാര്യങ്ങളെ എതിർത്താൽ മാത്രം പോരാ, അവ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനിയെയോ കൊതുകുകളെയോ മലേറിയയെയോ കൊറോണയെയോ എതിർക്കാനാവില്ല; അവയെ തുടച്ചുനീക്കണം. അതുപോലെ സനാതന ധർമ്മത്തെയും എതിർക്കുന്നതിന് പകരം ഉന്മൂലനം ചെയ്യണം."
സനാതന ധർമ്മം അടിസ്ഥാനപരമായി സാമൂഹിക നീതിക്കും സമത്വത്തിനും വിരുദ്ധമാണെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ഇത് വിഭജനം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, സനാതന ധർമ്മം പിന്തുടരുന്നവരെ വംശഹത്യ ചെയ്യാനുള്ള ആഹ്വാനമാണിതെന്ന് ബിജെപി ഉൾപ്പെടെയുള്ള വിമർശകർ ആരോപിച്ചു. എന്നാൽ താൻ ഒരിക്കലും വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തിട്ടില്ലെന്നും സാമൂഹിക തിന്മകൾക്കെതിരെയാണ് സംസാരിച്ചതെന്നുമാണ് ഉദയനിധി പിന്നീട് നൽകിയ വിശദീകരണം. ഈ പരാമർശത്തെത്തുടർന്ന് ഉദയനിധിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.