കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ തെരുവുനായ്ക്കള്‍ക്ക് വേണ്ടി എന്തു ചെയ്തു?'; മനേക ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി


20, January, 2026
Updated on 20, January, 2026 9


ന്യൂഡല്‍ഹി: തെരുവുനായ് വിഷയത്തിലെ കോടതി വിധിയെ പരസ്യമായി വിമര്‍ശിച്ച മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയുടെ നടപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി. യാതൊരു ചിന്തയുമില്ലാതെ എല്ലാ തരം പരാമര്‍ശങ്ങളും മനേക ഗാന്ധി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍.വി.അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ച്, കോടതിയലക്ഷ്യ നടപടിയിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും പറഞ്ഞു. തെരുവുനായ് വിഷയത്തില്‍ സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.കേന്ദ്ര മന്ത്രിയായിരുന്ന കാലത്ത് തെരുവുനായ് പ്രശ്‌നം പരിഹരിക്കാന്‍ നിങ്ങളുടെ കക്ഷി ബജറ്റില്‍ എന്ത് വിഹിതമാണ് വകയിരുത്തിയിരുന്നത് എന്ന് ജസ്റ്റിസ് സന്ദീപ് മേത്ത മനേക ഗാന്ധിയുടെ അഭിഭാഷകനോട് ചോദിച്ചു. കോടതി ജാഗ്രത പാലിക്കണമെന്നാണ് നിങ്ങളുടെ കക്ഷി പറഞ്ഞത്. അത് എന്തുതരം പരാമര്‍ശമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? കോടതിയലക്ഷ്യമാണ് നടത്തിയിരിക്കുന്നത്. കോടതിയുടെ വിശാലമനസ്‌കത കാരണമാണ് ഇപ്പോള്‍ നടപടിയെടുക്കാത്തത്. നിങ്ങളുടെ കക്ഷിയുടെ വാക്കുകളും അവരുടെ ശരീരഭാഷയും എങ്ങനെയുള്ളതായിരുന്നു എന്ന് നിങ്ങള്‍ കാണണം -കോടതി പറഞ്ഞു. തെരുവുനായ് വിഷയത്തില്‍ വിവിധ മൃഗസ്‌നേഹികളുടെയും നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റവരുടെയും വാദങ്ങള്‍ കേള്‍ക്കുകയായിരുന്നു കോടതി. കേസ് ജനുവരി 28ന് വീണ്ടും കേള്‍ക്കും. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടികള്‍ക്കോ വയോധികര്‍ക്കോ പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്താല്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് സുപ്രിംകോടതി ജനുവരി 13ന് കേസ് പരിഗണിച്ചപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, കോടതി ഉത്തരവിനെ രൂക്ഷമായി വിമര്‍ശിച്ച് മനേക ഗാന്ധി രംഗത്തെത്തുകയായിരുന്നു.തെരുവുനായ്ക്കളെ പിടികൂടി ഷെല്‍ട്ടറുകളിലാക്കണമെന്ന മുന്‍ വിധിയെയും മനേക വിമര്‍ശിച്ചിരുന്നു. ഇത് പ്രായോഗികമാക്കാന്‍ കഴിയാത്തതാണെന്നും 5000 നായ്ക്കളെ പിടികൂടി എവിടെ സൂക്ഷിക്കുമെന്നും മനേക ചോദിച്ചു. 5000 നായ്ക്കളെ നീക്കം ചെയ്യുന്നത് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുക? ഇവിടെ എട്ട് ലക്ഷം നായ്ക്കളുണ്ടെങ്കില്‍, 5000 നായ്ക്കളെ നീക്കം ചെയ്യുന്നത് എന്ത് മാറ്റമുണ്ടാക്കുമെന്നും മനേക ചോദിച്ചിരുന്നു.




Feedback and suggestions