പാവപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കും വരെ എനിക്ക് ശമ്പളം വേണ്ട!” ഉദ്യോഗസ്ഥരെ ഞെട്ടിച്ച് രാജസ്ഥാനിലെ ഈ ജില്ലാ കളക്ടർ


19, January, 2026
Updated on 19, January, 2026 12


സർക്കാർ ആവിഷ്‌കരിക്കുന്ന ക്ഷേമപദ്ധതികൾ പലപ്പോഴും ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം അർഹരായവരിലേക്ക് എത്താറില്ലെന്ന പരാതികൾ വ്യാപകമാണ്. പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്താനുള്ള ഭരണകൂട ശ്രമങ്ങൾക്ക് ഇത് വലിയ തടസ്സമാകാറുണ്ട്. എന്നാൽ ഈ പ്രതിസന്ധിക്ക് പരിഹാരമായി വേറിട്ടൊരു വഴി തിരഞ്ഞെടുത്തിരിക്കുകയാണ് രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലാ കളക്ടർ അരുൺ കുമാർ ഹസിജ. ജില്ലയിലെ ദരിദ്രവിഭാഗത്തിൽപ്പെട്ട എല്ലാവരെയും ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തുന്നത് വരെ താൻ ശമ്പളം കൈപ്പറ്റില്ലെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.


സമ്മർദ്ദത്തിലൂടെയല്ല, മറിച്ച് പ്രചോദനത്തിലൂടെ ഉദ്യോഗസ്ഥരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അരുൺ കുമാർ വ്യക്തമാക്കുന്നു. ശമ്പളം പത്ത് ദിവസം വൈകിയാൽ ഉദ്യോഗസ്ഥരുടെ ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അവർ തിരിച്ചറിയണം. അത് തിരിച്ചറിയുമ്പോഴേ മാസം വെറും 1,500 രൂപ സർക്കാർ സഹായം മാത്രം ലഭിക്കുന്ന പാവപ്പെട്ടവന്റെ ആനുകൂല്യം മാസങ്ങളോളം വൈകുമ്പോഴുള്ള വേദന അവർക്ക് മനസ്സിലാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. താൻ സ്വയം എടുത്ത ഈ തീരുമാനം മറ്റാരിലും അടിച്ചേൽപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


രാജ്‌സമന്ദ് ജില്ലയിൽ ഏകദേശം 30,000 പേരാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത്. സൗജന്യ റേഷൻ ഉറപ്പാക്കുന്ന ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, അനാഥരായ കുട്ടികൾക്കുള്ള ‘പാലൻഹാർ യോജന’, സാമൂഹിക സുരക്ഷാ പെൻഷൻ എന്നിവയാണ് ഇവിടുത്തെ പ്രധാന പദ്ധതികൾ. പലപ്പോഴും പരിശോധനകളുടെയും നൂലാമാലകളുടെയും പേരിൽ ഈ ആനുകൂല്യങ്ങൾ മാസങ്ങളോളം വൈകുന്നത് പാവപ്പെട്ടവരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കി അർഹരായ എല്ലാവരെയും നിശ്ചിത സമയത്തിനകം പട്ടികയിൽ ഉൾപ്പെടുത്താനാണ് കളക്ടർ ലക്ഷ്യമിടുന്നത്.


കളക്ടറുടെ ഈ ഉറച്ച നിലപാട് പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിൽ തന്നെ ഉദ്യോഗസ്ഥ തലത്തിൽ വലിയ മാറ്റങ്ങൾ പ്രകടമായി തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളായ 1,90,440 പേരിൽ 88 ശതമാനം പേരെയും ഇതിനോടകം പട്ടികയിൽ ഉൾപ്പെടുത്താൻ സാധിച്ചു. ജനുവരി 31-നകം ബാക്കിയുള്ള പരിശോധനകളും എൻറോൾമെന്റ് നടപടികളും പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്. പാവപ്പെട്ടവരോടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ ശമ്പളം ഉപേക്ഷിച്ച ഈ കളക്ടറുടെ തീരുമാനം വലിയ പ്രശംസയാണ് സമൂഹ മാധ്യമങ്ങളിൽ നേടുന്നത്.




Feedback and suggestions