17, January, 2026
Updated on 17, January, 2026 12
എട്ടാം ശമ്പള കമ്മീഷനെ കാത്തിരിക്കുന്ന പെൻഷൻകാർക്കിടയിൽ അതിന്റെ ടേംസ് ഓഫ് റഫറൻസ് സംബന്ധിച്ച് ആശങ്ക ഉയരുകയാണ്. ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ പെൻഷൻകാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച് വ്യക്തതയില്ലെന്ന പരാതി ശക്തമാവുകയാണ്. ഏകദേശം 69 ലക്ഷത്തോളം വരുന്ന നിലവിലുള്ള പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണം സംബന്ധിച്ച കൃത്യമായ നിർദ്ദേശങ്ങൾ വിജ്ഞാപനത്തിൽ ഇല്ലാത്തതാണ് പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്.മുമ്പത്തെ ശമ്പള കമ്മീഷനുകളിൽ വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ പുറത്തിറക്കിയ ടേംസ് ഓഫ് റഫറൻസിൽ നിലവിലുള്ള പെൻഷൻകാരുടെ ആനുകൂല്യങ്ങളെക്കുറിച്ച് പരാമർശമില്ലെന്ന് സെൻട്രൽ ഗവൺമെന്റ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, പെൻഷൻ ആനുകൂല്യങ്ങളെ സർക്കാരിന്റെ സാമ്പത്തിക ബാധ്യതയായി ചിത്രീകരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പെൻഷൻ എന്നത് ജീവനക്കാരുടെ അവകാശമാണെന്നും അത് സർക്കാരിന് ഒരു ബാധ്യതയായി കാണരുതെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. ഇത് ചൂണ്ടിക്കാട്ടി ജമ്മുവിലെ സെൻട്രൽ ഗവൺമെന്റ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ (CGPWA) പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും കത്തെഴുതിയതായി റിപ്പോർട്ടുണ്ട്
പെൻഷൻ എന്നത് ജീവനക്കാരുടെ ‘മാറ്റിവെച്ച വേതനം’ ആണെന്നും പെൻഷൻകാർക്കിടയിൽ വിരമിച്ച തീയതിയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്നുമുള്ള സുപ്രീം കോടതി വിധികളെ പുതിയ നിബന്ധനകൾ ലംഘിക്കുന്നതായാണ് സംഘടനകൾ ആരോപിക്കുന്നത്. പരിഗണനാ വിഷയങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നും, എല്ലാ പെൻഷൻകാർക്കും നീതി ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.അതേസമയം, പാർലമെന്റിലെ ചോദ്യങ്ങൾക്ക് മറുപടിയായി, പെൻഷൻ വിഷയങ്ങൾ കമ്മീഷന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ധനമന്ത്രാലയം നേരത്തെ വിശദീകരിച്ചിരുന്നു. എന്നിരുന്നാലും അത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകാത്തത് ജീവനക്കാർക്കിടയിലും പെൻഷൻകാർക്കിടയിലും ആശങ്ക ഉയർത്തുന്നുണ്ട്.