കരൂർ ദുരന്തം : വിജയ് നാളെ സിബിഐയ്ക്ക് മുന്നിൽ ഹാജരാകും


11, January, 2026
Updated on 11, January, 2026 23


കരൂർ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ് നാളെ ഡൽഹിയിലെ സിബിഐ ഓഫീസിൽ ഹാജരാകും. നാളെ രാവിലെ 11 മണിയോടെ അദ്ദേഹം ചോദ്യം ചെയ്യലിനായി എത്തുമെന്നാണ് വിവരം.


സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിലാണ് സിബിഐ അന്വേഷണം നടക്കുന്നത്. റാലിയുടെ സംഘാടനത്തിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ സംഘം പരിശോധിക്കുന്നത്. നേരത്തെ പാർട്ടി ഭാരവാഹികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച സിബിഐ, വിജയ്‌യെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയായി അദ്ദേഹത്തിന്റെ പ്രചാരണ വാഹനവും ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.


സംഭവത്തിൽ സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവിനെത്തുടർന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. രാഷ്ട്രീയ റാലിക്കായി നൽകിയ അനുമതി പത്രത്തിലെ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടോ എന്നും ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയാണെന്നും സിബിഐ വിശദമായി അന്വേഷിച്ചുവരികയാണ്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം അദ്ദേഹം നേരിടുന്ന ആദ്യത്തെ പ്രധാന നിയമനടപടിയാണിത്.




Feedback and suggestions