ഒഡീഷയിൽ ചെറു വിമാനം തകർന്നു വീണു: 7 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു


10, January, 2026
Updated on 10, January, 2026 72



ഒഡീഷയിലെ റൂർക്കലയിൽ ശനിയാഴ്ച ഉച്ചയോടെ ചെറിയ ചാർട്ടർ വിമാനം തകർന്നു വീണു. റൂർക്കലയിൽ നിന്ന് സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വരിലേക്ക് ആറ് യാത്രക്കാരുമായി പറന്നുയർന്ന ഇൻഡ്യ വൺ എയർ (IndiaOne Air) വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റ് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരും അത്ഭുതകരമായി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.


ഒൻപത് പേർക്ക് സഞ്ചരിക്കാവുന്ന ചെറിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൂർക്കല എയർസ്ട്രിപ്പിൽ നിന്ന് പറന്നുയർന്ന് ഏകദേശം 10-15 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. റഘുനാഥ് പാലി എന്ന സ്ഥലത്തിന് സമീപമാണ് വിമാനം തകർന്നു വീണത്.ആകാശത്തുവെച്ച് തന്നെ എൻജിനിൽ തകരാർ കണ്ടതിനെ തുടർന്ന് പൈലറ്റ് വിമാനം സുരക്ഷിതമായി താഴെയിറക്കാൻ ശ്രമിക്കുകയായിരുന്നു. ജനവാസമില്ലാത്ത പുൽമേട് കണ്ട പൈലറ്റ് വിമാനം അവിടെ 'ബെല്ലി ലാൻഡിംഗ്' (Belly landing) നടത്താൻ ശ്രമിച്ചു. ഈ ശ്രമത്തിനിടെ വിമാനം നിയന്ത്രണം വിട്ട് തകരുകയായിരുന്നു.അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിന് സാരമായ പരിക്കേറ്റതായാണ് വിവരം. മറ്റ് ആറ് യാത്രക്കാരെയും നിസ്സാര പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ പൈലറ്റ് നടത്തിയ അവസരോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി. പരിക്കേറ്റവർ നിലവിൽ റൂർക്കലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സിവിൽ ഏവിയേഷൻ അധികൃതരും സംസ്ഥാന ഗതാഗത വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിന്റെ തകരാറിനെക്കുറിച്ച് പഠിക്കാൻ ഭുവനേശ്വറിൽ നിന്നുള്ള ടൂറിസം വകുപ്പ് സംഘവും സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.പൈലറ്റിന്റെ മൊഴിയും വിമാനത്തിന്റെ അവശിഷ്ടങ്ങളും പരിശോധിച്ച ശേഷം മാത്രമേ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടർ പ്രസന്ന പ്രധാൻ അറിയിച്ചു. പ്രാദേശിക വിമാന സർവീസുകളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയർത്തുന്നതാണ് ഈ സംഭവം.










Feedback and suggestions