9, January, 2026
Updated on 9, January, 2026 29
ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. അപകടത്തിൽ നാൽപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സോളനിൽ നിന്ന് ഹരിപൂർ ധറിലേക്ക് പോവുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്. മലയോര പാതയിലൂടെ സഞ്ചരിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ആഴത്തിലുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ ആഘാതത്തിൽ ബസ് പൂർണ്ണമായും തകർന്നു.
അപകടത്തിന് പിന്നാലെ പ്രദേശത്ത് വലിയ പരിഭ്രാന്തിയാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കൊക്കയിൽ നിന്നുള്ള യാത്രക്കാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ രക്ഷാപ്രവർത്തകർ ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്.വിവരമറിഞ്ഞ ഉടൻ പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കൊക്കയിൽ നിന്ന് പുറത്ത് എടുക്കാനുള്ള നടപടികൾ തുടരുകയാണ്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.